ന്യൂദല്‍ഹി: വിശദമായ ചര്‍ച്ചയ്‌ക്കും കൂടിയാലോചനയ്‌ക്കും അവതരിപ്പിച്ചിരുന്ന ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. അതിലെ ചില വ്യവസ്ഥകളെപ്പറ്റി ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നയത്തിന്റെ കരട് പൂര്‍ണ്ണമായും പിന്‍വലിച്ചതെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അവതരിപ്പിച്ചിരുന്നത് നയമല്ല വെറും കരടായിരുന്നു.
ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവയടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാരായ ആര്‍ക്കും എന്‍ക്രിപ്ഷന്‍ നയം കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയ്‌ക്ക് ഈ നയം ബാധകമായിരുന്നുമില്ല. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു.
എന്നാല്‍ സൈബര്‍ ഇടപാടുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്ന കാലത്ത് അവ സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരു നയം അത്യവശ്യമാണ്. കേന്ദ്രമന്ത്രി വിശദീകരിച്ചു.
സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവ വഴി കൈമാറിയ സന്ദേശങ്ങള്‍ 90 ദിവസം നശിപ്പിക്കാതെ സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ അവ നല്‍കണമെന്നുമുള്ള കരടിലെ വ്യവസ്ഥയാണ് വ്യാപകമായ ആശങ്കയ്‌ക്ക് വഴിവെച്ചത്. ആദ്യം ഈ വ്യവസ്ഥകള്‍ എല്ലാം പിന്‍വലിച്ചു. പിന്നാലെ കരടു നയം തന്നെ പിന്‍വലിക്കുകയും ചെയ്തു. നിലവിലുള്ള വ്യവസ്ഥകള്‍ പരിശോധിച്ച ശേഷം പുതിയ കരട് പ്രസിദ്ധീകരിക്കും.
എന്താണ് എന്‍ക്രിപ്ഷന്‍
മെസേജുകളും ഇമെയിലുകളും എല്ലാം പ്രത്യകരഹസ്യ കോഡുകളിലാക്കിയാണ് കമ്പ്യൂട്ടര്‍ അയക്കുന്നത്. ഈ പ്രക്രിയയെയാണ് എന്‍ക്രിപ്ഷന്‍ എന്ന് പറയുന്നത്. ഈ കോഡ് സൂക്ഷിച്ചാല്‍ അതില്‍ നിന്ന് മെസേജ് കണ്ടെത്താന്‍ കഴിയും. രാജ്യസുരക്ഷയ്‌ക്ക്,പ്രത്യേകിച്ച് ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ സൈബര്‍ സംവിധാനങ്ങളിലൂടെ സന്ദേശങ്ങള്‍ കൈമാറുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍, മുന്‍ഗണന നല്‍കിയാണ് ഇത്തരമൊരു വ്യവസ്ഥ ഇതിലുള്‍പ്പെടുത്തിയിരുന്നത്.
















