മുംബൈ: തന്റെ സര്‍ക്കാരിനെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ അജണ്ടയാണ് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ തുറന്ന കത്തിലൂടെ വെളിപ്പെടുന്നതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വ്യക്തവും കൃത്യവുമായ വിവരങ്ങളില്ലാതെ വെറുതെ ആക്രമിക്കുകയെന്ന മാധ്യമ അജണ്ടയുടെ ഭാഗമാണിതെന്നും രാജ്ദീപ് സര്‍ദേശായിക്കു മറുപടിയായുള്ള കത്തില്‍ ഫഡ്‌നാവിസ് പറയുന്നു. സാധാരണ ഇത്തരം കത്തുകള്‍ക്ക് മറുപടി നല്‍കാറില്ലെങ്കിലും, നുണകള്‍ ആവര്‍ത്തിച്ച് സത്യമെന്നു വരുത്താനുള്ള ഗീബല്‍സിയന്‍ തന്ത്രം പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ഫഡ്‌നാവിസ്.
മാംസ നിരോധനത്തിനുള്ള തീരുമാനം തന്റെ സര്‍ക്കാരല്ല എടുത്തത്. അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാര്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ജൈന ഉത്സവമായ ‘പര്യൂഷന്‍ പര്‍വ’യുടെ സമയത്ത് രണ്ടു ദിവസം അറവുശാലകള്‍ അടച്ചിടണമെന്ന ഉത്തരവു നല്‍കിയത് 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. അന്നു മുതല്‍ മിര-ഭൈന്ദര്‍ നഗരസഭ ഉത്തരവ് നടപ്പാക്കുന്നു. മുംബൈ കോര്‍പ്പറേഷനും പിന്നീടിത് നടപ്പാക്കി. 1994 മുതല്‍ മുംബൈയില്‍ സമാനമായ നടപടികളുണ്ട്. അല്ലാതെ സംസ്ഥാനത്തെ എല്ലാ നഗരസഭകളും ഇതു നടപ്പാക്കിയിട്ടില്ല. ഇതിനായി ആരും അവരെ നിര്‍ബന്ധിച്ചിട്ടുമില്ല. അന്നൊന്നും ഇതിനെതിരെ രംഗത്തുവരാത്തവര്‍, ഇപ്പോള്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ രംഗത്തെത്തിയത് ആശ്ചര്യമുളവാക്കുന്നു- ഫഡ്‌നാവിസ് കത്തില്‍ പറയുന്നു.
മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയെ മാറ്റിയതില്‍ ആശയക്കുഴപ്പത്തിനാണ് രാജ്ദീപ് ശ്രമിക്കുന്നതെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ആരോപിക്കുന്നു. മാധ്യമങ്ങള്‍ പറയുന്നതു പോലെ ഷീന ബോറ കൊലപാതക്കേസിന് അത്ര വലിയ പ്രാധാന്യമൊന്നുമില്ല. പിന്നെ എന്തുകൊണ്ട് പോലീസ് കമ്മീഷണറുടെ സ്ഥാനമാറ്റവുമായി ഇതിനെ കൂട്ടിക്കെട്ടുന്നു? കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് നിങ്ങള്‍ക്ക് അറിയാത്തതാണോ? കേസുകളില്‍ കമ്മീഷണര്‍ മേല്‍നോട്ടം വഹിക്കുകയാണ് ചെയ്യുന്നത്. രാകേഷ് മരിയയ്‌ക്ക് പ്രമോഷന്‍ നല്‍കി. ഗണേശോത്സവം, ഈദ്, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തുവരുന്നതിനാല്‍ അതിനു മുന്‍പ് നടപടി വേണമായിരുന്നു. ഇല്ലെങ്കില്‍ പുതുതായെത്തുന്ന കമ്മീഷണര്‍ക്ക് ബുദ്ധിമുട്ടാകും.
ഔദ്യോഗിക പദവിയിലേക്ക് ഉദ്യോഗസ്ഥരെ ജാതിയും മതവും അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുക്കുന്നത്. ചുമതല ഏറ്റെടുക്കാന്‍ പ്രാപ്തനെന്ന് ബോധ്യമുള്ളതിനാല്‍ മരിയയില്‍ വിശ്വാസമര്‍പ്പിച്ചു. ഉപജാപമെന്ന അങ്ങയുടെ ആരോപണം പക്ഷപാതപൂര്‍ണമായ മനസിന്റെ സൃഷ്ടിയാണ്. ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. കോടതി ഉത്തരവ് മറാത്തിയിലേക്ക് മൊഴിമാറ്റി എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിച്ചുവെന്നും ഫഡ്‌നാവിസ് വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മഹാരാഷ്‌ട്രയെ വരള്‍ച്ചാമുക്തമാക്കാനുള്ള ‘ജല്‍യുക്ത ശിവര്‍ യോജന’ ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ആറു മാസം കൊണ്ട് ആറായിരം ഗ്രാമങ്ങള്‍ ജലസമൃദ്ധമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍പ്പെടുത്തി ആറു മില്യണ്‍ കര്‍ഷകര്‍ക്ക് ഗോതമ്പും അരിയും നല്‍കി. മാംസം നിരോധിക്കണമോ വേണ്ടയോ എന്നൊന്നുമല്ല, സാധാരണക്കാരന്റെ പാത്രം നിറയ്‌ക്കുകയാണ് ലക്ഷ്യം. മറ്റുള്ളതിനേക്കാള്‍ പ്രധാനം അതിനെന്നും ഫഡ്‌നാവിസ് കത്തില്‍ വ്യക്തമാക്കുന്നു.
















