ശ്ലോകം: 157 ഹ്രീംരൂപാ ത്രിപുരേശാനീ
ബീജമന്ത്രസ്വരൂപിണി
ക്ലീംകാരിണീ കാമരാജ മന്ത്രബീജാത്മികാ പരാ
762. ഹ്രീംരൂപാ- ഹ്രീം എന്ന മന്ത്രാക്ഷരം രൂപമായവള്‍. ‘ഹ്രീം’ എന്ന മന്ത്രാക്ഷരം ദേവീപ്രണവമെന്നും ഭുവനേശ്വരീ ബീജമന്ത്രമെന്നും പ്രസിദ്ധമാണ്. ശാക്തേയമന്ത്രങ്ങളില്‍ പ്രധാനപ്പെട്ടവയിലെല്ലാം ‘ഹ്രീം’ മുഖ്യഘടകമാണ്. ശ്രീവിദ്യാ മന്ത്രത്തിന്റെ മൂന്നു കൂടങ്ങളെയും താങ്ങുന്നത് ഹ്രീംകാരമാണ്. സൃഷ്ടിസ്ഥിതിസംഹാരരൂപമായ പ്രപഞ്ചപ്രവര്‍ത്തനത്തിന് ആധാരമായ ചിച്ഛക്തിയാണ് ഹ്രീംകാരമായി വര്‍ത്തിക്കുന്നത്. ഇതിന്റെ മന്ത്രാര്‍ത്ഥം ഇങ്ങനെയാരു കുറിപ്പില്‍ ഒതുക്കാനാവില്ല. അത് ആവശ്യവുമില്ല. അര്‍ഹതയുള്ളവര്‍ക്ക് പ്രാപ്തനായ ഗുരുവിലൂടെയോ നേരിട്ടോ ആ അറിവു ലഭിക്കും.
763. ത്രിപുരേശാനീ- ത്രിപുരങ്ങള്‍ക്ക് ഈശ്വരിയായവള്‍. ത്രിപുരങ്ങള്‍ എന്ന പദത്തിനെ ആചാര്യന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നു മൂന്നു പുരങ്ങള്‍; ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന മൂന്നവസ്ഥകള്‍; സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നീ ശരീരഭേദങ്ങള്‍; ഇഡ, പിംഗല, സുഷുമ്‌ന എന്ന മൂന്നു നാഡികള്‍; മനസ്സ്, ബുദ്ധി, ചിത്തം എന്ന മൂന്നു ബോധകേന്ദ്രങ്ങള്‍ എന്നിങ്ങനെ മൂന്നുമൂന്നായി പറയാവുന്നവയെയെല്ലാം സന്ദര്‍ഭംപോലെ ത്രിപുരങ്ങളായിപറയും. അവയെക്കെല്ലാം ഈശാനി എന്നുപറയുമ്പോള്‍ പ്രപഞ്ചത്തിലെ സമസ്തപ്രതിഭാസങ്ങള്‍ക്കും ഈശ്വരിയാണു മൂകാംബികാദേവി എന്നു മനസ്സിലാക്കണം.
ശക്തി പൂജയ്‌ക്ക് വാമം, ദക്ഷിണം, മിശ്രം എന്നു മൂന്ന് ഉപാസനാക്രമങ്ങളുണ്ട്. അവയെ ദേവിയുടെ മൂന്നുപുരങ്ങളായി കരുതി അവയാല്‍ ആരാധിക്കപ്പെടുന്ന ദേവിയെ ത്രിപുരേശാനി എന്നു വാഴ്‌ത്താറുണ്ട്.
















