ബ്രസല്‍സ്: ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ബെല്‍ജിയം ഡേവിസ് കപ്പ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ അര്‍ജന്റീനയെ 3-2ന് പരാജയപ്പെടുത്തിയാണ് 111 വര്‍ഷത്തിനുശേഷം ബെല്‍ജിയം കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. 1904ലാണ് ഇതിന് മുമ്പ് ബെല്‍ജിയം അവസാനമായി ഡേവിസ് കപ്പിന്റെ ഫൈനലില്‍ കളിച്ചത്. അന്ന് ഇംഗ്ലണ്ടിനോട് 5-0ന് പരാജയപ്പെടുകയും ചെയ്തു. 111 വര്‍ഷം മുമ്പേറ്റ പരാജയത്തിന് മധുരപ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ് ബെല്‍ജിയത്തിനു കൈവന്നിരിക്കുന്നത്.
ഇത്തവണ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബെല്‍ജിയം അര്‍ജന്റീനയെ കീഴടക്കി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ ദിവസം നടന്ന അവസാന റിവേഴ്‌സ് സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍കിസ് അര്‍ജന്റീനയുടെ ഫെഡറികോ ഡെല്‍ബോണിസിനെ നാലുസെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ തറപറ്റിച്ചതോടെയാണ് ബെല്‍ജിയം സ്വപ്‌നനേട്ടത്തിന് അരികിലെത്തിയത്.
സ്‌കോര്‍ 6-4, 2-6, 7-5, 7-6 (7-3). ഓസ്‌ട്രേലിയയെ 3-2ന് പരാജയപ്പെടുത്തിയാണ് ബ്രിട്ടണ്‍ ഫൈനലിലേക്കെത്തിയത്. 1978ന് ശേഷം ആദ്യമായാണ് ബ്രിട്ടന്‍ ഡേവിസ് കപ്പ് ടെന്നീസിന്റെ ഫൈനലില്‍ കടക്കുന്നത്. ഡേവിസ് കപ്പിന്റെ ചരിത്രത്തില്‍ ബ്രിട്ടന് 18-ാം ഫൈനലാണ് ഇത്തവണ.
















