ന്യൂദല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ദല്‍ഹി മുന്‍ നിയമമന്ത്രിയും എ.എ.പി എം.എല്‍.എയുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. കേസില്‍ തനിക്കെതിരെയുള്ള വാറണ്ട് പിന്‍വലിക്കണമെന്ന് സോംനാഥ് ഭാരതി ആവശ്യപ്പെട്ടിരുന്നു.ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സോംനാഥിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കാം.
ഗാര്‍ഹിക പീഡനവും കൊലപാതകശ്രമവും ആരോപിച്ച് സോംനാഥിന്റെ ഭാര്യ ലിപികയാണ് കേസ് നല്‍കിയത്. തന്നെ ശാരീരികമായും മാനസികമായും സോംനാഥ ഭാരതി പീഡിപ്പിച്ചെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ലിപിക വ്യക്തമാക്കിയിരുന്നു. ഭാര്യ ലിപിക മിത്ര നല്കിയ പരാതിയില്സോംനാഥ് ഭാരതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ബോധ്യപ്പെടുത്തി.
വളര്‍ത്തുനായയെ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ഉപദ്രവിച്ചുവെന്നും ലിപിക പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഭാരതി പറഞ്ഞു. നായയെ അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ടോ വിദഗ്ധരെക്കൊണ്ടോ പരിശോധിപ്പിക്കാന്‍ തയ്യാറാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തനിക്ക് ഭാര്യയെ ഏറെ ഇഷ്ടമാണെന്നും ഭാരതി പറഞ്ഞിരുന്നു.
അതേസമയം, ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭാരതിയുടെ അഭിഭാഷകന് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കീഴ്കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് ഭാരതി ഹൈക്കോടതിയെ സമീപിച്ചത്. ഭാരതിയുടെ അപേക്ഷ പരിഗണിച്ച കോടതി അന്തിമ വിധി വരുന്നതുവരെ അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു.
2010ലാണ് ഭാരതിയും ലിപികയും വിവാഹിതരായത്. 2012 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ രണ്ട് കുട്ടികളും ലിപികയോടൊപ്പം ദ്വാരകയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്.
















