റോം: ഇറ്റാലിയൻ ലീഗ് സീരി എയിൽ ഒടുവിൽ ജുവന്റസിന് ശാപമോക്ഷം. ഇന്നലെ നടന്ന മത്സരത്തിൽ ഗനോവയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലീഗിൽ ഈ സീസണിലെ ആദ്യ വിജയം ജുവന്റസ് സ്വന്തമാക്കിയത്. 37-ാം മിനിറ്റിൽ ലമാന്നയുടെ സെൽഫ് ഗോളിലൂടെ ലീഡ് നേടിയ ജുവന്റസിനായി 60-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പോൾ പോഗ്ബയും ലക്ഷ്യം കണ്ടു.
43-ാം മിനിറ്റിൽ ആഞ്ചലോ ഇസോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് ഗനോവ കളിച്ചത്. കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയും ജുവന്റസ് പരാജയപ്പെടുത്തിയിരുന്നു.മറ്റൊരു മത്സരത്തിൽ ഇന്റർ മിലാന് തുടർച്ചയായ നാലാം വിജയം. ഞായറാഴ്ച രാത്രി നടന്ന എവേ മത്സരത്തിൽ 1-0ന് ചീവോയെ പരാജയപ്പെടുത്തി. 42-ാം മിനിറ്റിൽ മൗറോ ഇക്കാർഡിയാണ് ഇന്ററിന്റെ വിജയഗോൾ നേടിയത്. വിജയത്തോടെ നാല് കളിയിൽ നിന്നും 12 പോയിന്റുമായി ഇന്റർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തിൽ സാംപദോറിയയെ 2-0ന് തകർത്ത് ടോറിനോ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയർന്നു. 17, 24 മിനിറ്റുകളിൽ ക്വാഗ്ലിയേറല്ലയാണ് ടോറിനോയുടെ ഗോളുകൾ നേടിയത്. 35-ാം മിനിറ്റിൽ ബബാക്കർ നേടിയ ഏക ഗോളിന് ഫിയോറന്റീന കാർപിയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തിൽ അർജന്റീനൻ സ്‌ട്രൈക്കർ ഗൊൺസാലൊ ഹിഗ്വയിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ലാസിയോയെ തകർത്തു. മറ്റ് മത്സരങ്ങളിൽ സാസ്സുലോ 2-2ന് റോമയെയും വെറോണ 1-1ന് അറ്റ്‌ലാന്റയെയും സമനിലയിൽ തളച്ചപ്പോൾ ബോലോഗ്‌ന 1-0ന് ഫ്രോസിനോനെ പരാജയപ്പെടുത്തി.
നാല് കളികളിൽ നിന്ന് എട്ട് പോയിന്റുമായി റോമയാണ് ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എസി മിലാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പലേർമോയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയം നേടി. മിലാന് വേണ്ടി കാർലോസ് ബക്ക രണ്ട് ഗോളുകൾ നേടി. ആറ് പോയിന്റുള്ള മിലാൻ ഒമ്പതാം സ്ഥാനത്താണ്.
















