നൗ കാമ്പ്: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇതോടെ നേരത്തെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ബാഴ്‌സക്ക് നാല് മത്സരങ്ങളില്‍ നിന്ന് 12ഉം റയലിന് 10ഉം പോയിന്റുകളാണുള്ളത്. ഞായറാഴ്ച രാത്രി ലവെന്റെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തുവിട്ടത്.
രണ്ട് ഗോളുകള്‍ നേടുകയും ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്‌തെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവില്‍ തന്നെയായിരുന്നു ബാഴ്‌സയുടെ വിജയം. മെസ്സിക്ക് പുറമെ മാര്‍ക്ക് ബാര്‍ത്രയും മറ്റൊരു സൂപ്പര്‍താരമായ നെയ്‌മറും ലക്ഷ്യം കണ്ടു.
സൂപ്പര്‍ താരങ്ങളായ ഇനിയേസ്റ്റയെയും സുവാരസിനെയും സൈഡ് ബെഞ്ചിലിരുത്തിയാണ് ബാഴ്‌സ കോച്ച് ഹെന്റിക്വെ ആദ്യ ഇലവനെ ഇറക്കിയത്. നായകന്റെ ആം ബാന്റുമായി മൈതാനം നിറഞ്ഞ ലയണല്‍ മെസ്സിയായിരുന്നു ബാഴ്‌സയുടെ കുതിപ്പിന് പിന്നലെ സൂത്രധാരന്‍. കളിയുടെ തുടക്കം മുതല്‍ മെസ്സിയും നെയ്‌മറും ചേര്‍ന്ന് ലവെന്റെ പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കളിയിലുടനീളം അവര്‍ പായിച്ചത് 21 ഷോട്ടുകള്‍. അതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് 11 എണ്ണവും. എന്നാല്‍ ലവെന്റെ ഗോളിയുടെ മികച്ച പ്രകടനമാണ് ഗോള്‍ നില നാലെണ്ണത്തില്‍ ഒതുങ്ങിയത്.
കളിയുടെ 50-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സൂപ്പര്‍താരം മെസ്സി ലവെന്റെ പ്രതിരോധനിരക്കാരുടെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്തുകൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ചശേഷം ബാര്‍ത്ര അനായാസം വലയിലെത്തിച്ചു. 6 മിനിറ്റിനുശേഷം നെയ്‌മര്‍ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. അധികം കഴിയും മുന്നേ പെനാല്‍റ്റിയിലൂടെ മെസ്സി ലീഡ് ഉയര്‍ത്തി. ബോക്‌സിനുള്ളില്‍ വച്ച് നെയ്‌മറെ ലവെന്റെ താരം വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി വലയിലെത്തിച്ചത്.
തുടര്‍ന്നും കനത്ത ആക്രമണം എതിര്‍ ബോക്‌സിലേക്ക് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ബാഴ്‌സയുടെ വല കുലുങ്ങി. 66-ാം മിനിറ്റില്‍ വിക്ടര്‍ കസാനോയാണ് കറ്റാലന്‍ വല കുലുക്കിയത്. പിന്നീട് 75-ാം മിനിറ്റില്‍ ബാഴ്‌സക്ക് മത്സരത്തിലെ രണ്ടാം പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ മെസ്സിയുടെ കിക്ക് പുറത്തേക്ക് പാഞ്ഞു. അവസാന വിസിലിന് നിമിഷങ്ങള്‍ക്ക് മുമ്പ് മനോഹര ഗോളിലൂടെ അര്‍ജന്റീന നായകന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീര്‍ത്ത് ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നാല് ലവെന്റെ താരങ്ങള്‍ക്കിടയിലൂടെ ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്.
മറ്റൊരു കളിയില്‍ അത്‌ലറ്റിക് ബില്‍ബാവോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് വിയ്യാറയല്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 43-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സോറിയാനോ ലിഡോയും 67-ാം മിനിറ്റില്‍ മാര്‍ട്ടിനസ് പെരസും 80-ാം മിനിറ്റില്‍ ബാപ്റ്റിസ്‌റ്റോയും വിയ്യാറയലിനായി ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറിസമയത്ത് അഡുറിസ് സുബെല്‍ഡിയ ബില്‍ബാവോക്കായി ലക്ഷ്യം കണ്ടു.
അതേസമയം സീസണില്‍ വിജയം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന കരുത്തരായ സെവിയക്കും തിരിച്ചടി നേരിട്ടു. താരതമ്യേന ദുര്‍ബലരായ സെല്‍റ്റ ഡി വീഗോയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയയെ കീഴടക്കിയത്. സെല്‍റ്റക്ക് വേണ്ടി 15-ാം മിനിറ്റില്‍ അഗുഡോ ഡുറാനും 26-ാം മിനിറ്റില്‍ ഡാനിയേല്‍ വാസും ലക്ഷ്യം കണ്ടപ്പോള്‍ സെവിയയുടെ ആശ്വാസഗോള്‍ 54-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലോറന്റെയുടെ വകയായിരുന്നു.
നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് സമനിലയോടെ രണ്ട് പോയിന്റ് മാത്രമുള്ള സെവിയ പട്ടികയില്‍ ഏറ്റവും പിന്നിലാണ്. 10 പോയിന്റുമായി സെവിയ നാലാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു കളിയില്‍ സ്‌പോര്‍ട്ടിങ് ജിഗോണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡിപോര്‍ട്ടീവോയെ പരാജയപ്പെടുത്തിയപ്പോള്‍ റയോ വയ്യക്കാനോ 1-0ന് ലാസ് പല്‍മാസിനെ കീഴടക്കി. 42-ാം മിനിറ്റില്‍ ജാവി ഗ്വേറയാണ് റയോയുടെ ഗോള്‍ നേടിയത്.
















