നരകാസുരവധത്തിന് ശേഷം ഭഗവാനെ പതിനാറായിരത്തെട്ട് ഭാര്യമാരോടൊത്ത് കഴിയുന്നത് ഒന്നുകാണുവാനായി നാരദൻ ദ്വാരകയിൽചെന്നു. എല്ലായിടത്തും ഭഗവാന് എത്തിച്ചേരുവാനും കാര്യങ്ങളല്ലാം വേണ്ട വണ്ണം നടത്തിയ്‌ക്കുവാനും ആവുന്നുണ്ടോ എന്നെല്ലാം അറിയുക എന്നതാണ് ലക്ഷ്യം.
എന്നാൽ ആദ്യം ചെന്നത് രുഗ്മിണിയുടെ അന്തഃപ്പുരത്തിലാണ്. നാരദർക്ക് നല്ലസ്വീകരണമായിരുന്നു അവിടെനിന്നും ലഭിച്ചത്. അഗ്രാസനത്തിലിരുത്തിയശേഷം വിധിയാം വണ്ണം പാദപൂജാദി സൽക്കാരങ്ങൾ ചെയ്തു ‘ഞാൻ അവിടേയ്‌ക്ക് എന്തു കാര്യമാണ് ചെയ്തു തരേണ്ടത്’എന്ന് വിനീതനായി ഭഗവാൻ ചോദിച്ചു.
‘ജനങ്ങൾക്ക് മോക്ഷാനുഭൂതിനൽകുന്ന പരമജ്ഞാനികളായ ബ്രഹ്മാദി ദേവശ്രേഷ്ഠന്മാർ ഹൃദയത്തിൽ അങ്ങയെ സ്വീകരിച്ചുകൊണ്ടിരിയ്‌ക്കുന്നു. സംസാരാന്ധകൂപത്തിൽ വീഴുന്നവരെ കരകയറ്റാനുള്ള അങ്ങയുടെ പാദാരവിന്ദത്തെ എനിയ്‌ക്ക് കാണുവാൻ സാധിയ്‌ക്കുന്നു. അങ്ങയെ സ്തുതിച്ചുകൊണ്ട്് എന്നും അങ്ങയുടെ അപദാനങ്ങൾ വാഴ്‌ത്തുവാനും എന്നെ അനുഗ്രഹിക്കുകമാത്രം മതി’ എന്ന് പറഞ്ഞ് നാരദർ ഭഗവാനെ നമസ്‌ക്കരിച്ചു.
ഇങ്ങനെ ഓരോകൊട്ടാരത്തിൽ ചെന്നപ്പോഴും വിവിധതരത്തിലുള്ള അനുഭവമായിരുന്നു. നാരദർക്ക് ലഭിച്ചത്. കുട്ടികളുമായി കളിയ്‌ക്കുന്നതും, രാജ്യകാര്യങ്ങളെപറ്റി ചിന്തിയ്‌ക്കുന്നതും, ചതുരംഗം കളിയ്‌ക്കുന്നതും, മക്കളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുന്നതുമായ ഓരോരോകാര്യങ്ങളിൽ ലയിച്ചിരിയ്‌ക്കുന്നതും ആയ അനുഭവങ്ങളായിരുന്നു നാരദർക്ക് ഭഗവാനിൽ നിന്നുണ്ടായത്.
നന്ദനാമോഹൻ
















