മാഡ്രിഡ്: കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടി റയല്‍ മാഡ്രിഡിന്റെയും ചാമ്പ്യന്‍സ് ലീഗിലെയും ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി മാറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയില്ലെങ്കിലും റയല്‍ മുന്നോട്ടുതന്നെ. ശനിയാഴച രാത്രി നടന്ന ലാ ലീഗയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ ഗ്രനാഡയെ പരാജപ്പെടുത്തി.
റയലിന്റെ സ്വന്തം സ്‌റ്റേഡിയായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും എതിര്‍ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളെക്കോള്‍ ഏറെ മുന്നിലായിരുന്നെങ്കിലും ഗ്രനാഡ ഗോളി ഫെര്‍ണാണ്ടസ് ബാറിന് കീഴില്‍ കാഴ്ചവെച്ച അത്യുജ്ജ്വല പ്രകടനം ക്രിസ്റ്റിയാനോക്കും സഹതാരങ്ങള്‍ക്കും വിലങ്ങുതടിയായി. ഒടുവില്‍ കരിം ബെന്‍സേമയുടെ ഒരു ഹെഡ്ഡര്‍ വേണ്ടിവന്നു റയലിന് വിജയിക്കാന്‍. കളിയുടെ 55-ാം മിനിറ്റില്‍ ഇസ്‌കോ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ചില്‍ നിന്ന് ബെന്‍സേമ വെടിയുണ്ടകണക്കെ ഹെഡ്ഡറിലൂടെ ഗ്രനാഡ വലയിലെത്തിച്ചു. ഇടയ്‌ക്ക് ഗ്രനാഡ താരങ്ങള്‍ റയല്‍ പ്രതിരോധം കീറിമുറിച്ച് ചില ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഗോളി കെയ്‌ലര്‍ നവാസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. വിജയത്തോടെ നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡും വിജയം സ്വന്തമാക്കി. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐബറിനെയാണ് അത്‌ലറ്റികോ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 62-ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ കൊറിയയും 77-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസുമാണ് അത്‌ലറ്റികോയുടെ ഗോളുകള്‍ നേടിയത്. നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി അത്‌ലറ്റികോ രണ്ടാമതാണ്.
മറ്റൊരു മത്സരത്തില്‍ എസ്പാനിയോള്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു എസ്പാനിയോള്‍ വിജയം പിടിച്ചെടുത്തത്. കളിയുടെ 42-ാം മിനിറ്റില്‍ ജെറോനിമോ റൂള്ളി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ റയല്‍ സോസിഡാഡ് പത്തുപേരായി ചുരങ്ങുകയും ചെയ്തു. മൊറീനോ, റോക്കോ, പെരസ് എന്നിവരുടെ ഗോളുകളാണ് എസ്പാനിയോളിന് വിജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ വലന്‍സിയയും റയല്‍ ബെറ്റിസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
















