ബെംഗളൂരു: ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ എ ടീമിന്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ബംഗ്ലദേശ് എ ടീമിനെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 75 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ എ ടീം നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 32 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ഇന്നിംഗ്‌സിനുശേഷം പെയ്ത മഴയെത്തുടര്‍ന്ന് ആദ്യം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 290 റണ്‍സായി നിശ്ചയിച്ചിരുന്നു. പിന്നീട് വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് 32 ഓവറില്‍ 217 ആയും പുനര്‍നിശ്ചയിച്ചിരുന്നു. ആദ്യ ഏകദിനത്തിലും ജയിച്ചിരുന്ന ഇന്ത്യ 2-1നാണ് പരമ്പര സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ എ ടീം നായകന്‍ ഉന്‍മുക്ത ചന്ദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ത്തന്നെ 4 റണ്‍സുമായി ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാള്‍ ഷാഫിയുള്‍ ഇസ്ലാമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഉന്‍മുക്ത് ചന്ദിനൊപ്പം (41) സഞ്ജു ഒത്തുചേര്‍ന്നതോടെ ഇന്ത്യ പിടിമുറുക്കി. അരാഫത്ത് സണ്ണിയുടെ പന്തില്‍ ബൗള്‍ഡായാണ് ക്യാപ്റ്റന്‍ ഉന്മുക്ത് മടങ്ങിയത്. പിന്നീട് സഞ്ജുവിന് കൂട്ട് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.
ബംഗ്ലാദേശ് ബൗളള്‍മാര്‍ക്കെതിരെ അനായാസം ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് സ്‌കോറിംഗിന് വേഗതയേകി. 39-ാം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ 203-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 99 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സറുമടക്കം 90 റണ്‍സെടുത്ത സഞ്ജുവിനെ അമിന്‍ ഹൊസൈന്‍ ബൗള്‍ഡാക്കി. ആദ്യ ഏകദിനത്തിലും സഞ്ജു അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ കേദാര്‍ ജാദാവ് (4), ഗുര്‍കീരത് സിങ് (4) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും റിഷി ധവാന്റെ വെടിക്കെട്ടും കൂടിയായതോടെ ഇന്ത്യ 297-ലെത്തി. പരമ്പരയിലാദ്യമായി ഫോം കണ്ടെത്തിയ റെയ്‌ന 94 പന്തില്‍നിന്നും ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് സെഞ്ചുറിയിലെത്തിയത്. അവസാന ഓവറിലെ നാലാം പന്തിലാണ് റെയ്‌ന ക്രീസ് വിട്ടത്.ബംഗ്ലദേശിനായി ഷാഫിയുള്‍ ഇസ്ലാം രണ്ടു വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യയുയര്‍ത്തിയ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ ടീമിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സായപ്പോളേക്കും സൗമ്യ സര്‍ക്കാര്‍ (1), റോമി താലൂക്ക്ദാര്‍ (9), അനമുള്‍ ഹഖ് (1) എന്നിവര്‍ കൂടാരം കയറി. ഇടയ്‌ക്ക് മഴയെത്തിയെങ്കിലും മഴദൈവങ്ങളും അവരെ തുണച്ചില്ല. 52 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്ന സാബിര്‍ റഹ്മാനാണ് അവരുടെ ടോപ്‌സ്‌കോറര്‍. നായകന്‍ മോമിനുല്‍ ഹഖ് (37), നാസിര്‍ ഹുസൈന്‍ (22), ലിറ്റണ്‍ ദാസ് (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി എസ്. അരവിന്ദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ധവാല്‍ കുല്‍ക്കര്‍ണി, കരണ്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. സുരേഷ് റെയ്‌നയാണ് മാന്‍ ഓഫ് ദി മാച്ച്.
















