കൊല്‍ക്കത്ത: സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടനെതിരെ സായുധ പോരാട്ടത്തിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന് ശരത് ചന്ദ്രബോസ് ജപ്പാന്റെ സഹായം തേടിയതായി രേഖകള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനുള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കെതിരെ ജപ്പാന് ജര്‍മനിക്കൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് ശരത് ചന്ദ്രബോസ് സഹാമഭ്യര്‍ത്ഥിച്ച് കൊല്‍ക്കത്തയിലെ ജപ്പാന് കോണ്‍സുലേറ്റിലേക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നേതാജിയെക്കുറിച്ചുള്ള രേഖകളില്‍ ഈ കത്തുമുണ്ട്. 64 രേഖകളാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.
കോണ്‍സുലേറ്റിലെ ചാന്‍സലര്‍ എന്ന് പരിചയപ്പെടുത്തുന്ന ഒഹാത എന്നയാള്‍ക്കാണ് 1941 സപ്തംബര്‍ 18ന് ശരത് കത്തയച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ 10,000 പേര് സജ്ജമെന്നും അത് 50,000മാക്കി ഉയര്‍ത്താന്‍ പണവും ആയുധവും വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എസ് എന്നയാളെ ഇക്കാര്യം ധരിപ്പിക്കണമെന്നും ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്നുണ്ട്. സുഭാഷ് ചന്ദ്രബോസിനെയാണ് എസ് എന്ന് സംബോധന ചെയ്തിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. എസില്‍നിന്ന് സന്ദേശമെന്തെങ്കിലും ലഭിച്ചുവോ? യൂറോപ്പിലെ സ്ഥിതിഗതികള്‍ എന്താണ്? അടുത്ത ശൈത്യത്തിനു മുന്‍പ് ജര്‍മനി, ഇറാന് അതിര്‍ത്തിയില്‍ എത്തുമോ? തുടങ്ങിയ കാര്യങ്ങളും ശരത് ഉദ്യോഗസ്ഥനോട് ആരായുന്നു.
1950ല്‍ മരിക്കുന്നതുവരെ ശരത് ജപ്പാന് കോണ്‍സുലേറ്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് 1948 സപ്തംബര്‍ 20ന് പശ്ചിമ ബംഗാള്‍ സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി സംസ്ഥാന സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്.
















