സോള്‍: കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ അജയ് ജയറാമിന്റെ വിജയ പ്രയാണം തുടരുന്നു. ലോക ഏഴാം നമ്പര്‍ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെന്‍ ചെന്നിനെ അട്ടിമറിച്ച അജയ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു. 21-19, 21-15 എന്ന സ്‌കോറിനായിരുന്നു ലോക 32-ാം റാങ്കുകാരന്റെ ജയം.
ഏറെനാളായി സഹതാരങ്ങളുടെ നിഴലിലായിരുന്ന അജയ് സോളില്‍ അവസരത്തിനൊത്തുയര്‍ന്നു. ആദ്യ ഗെയിമില്‍ 11-8ന്റെ മുന്‍തൂക്കം ഉറപ്പിച്ചാണ് ഇന്ത്യന്‍ പ്രതിനിധി തുടങ്ങിയത്. എന്നാല്‍ ഏഴു പോയിന്റുകള്‍ കൊയ്ത ചെന്‍ ശക്തമായി തിരിച്ചുവന്നു. പക്ഷേ, പിന്നീടങ്ങോട്ടു കളി നിലവാരം ഉയര്‍ത്തിയ അജയ് ജയറാം ഗെയിം തന്റേതാക്കി.
ആത്മവിശ്വാസത്തോടെ റാക്കറ്റ് വീശിയ അജയ് രണ്ടാം ഗെയിമില്‍ 11-7ന്റെ ആധിപത്യം സ്വന്തമാക്കി.
12-12, 15-14 എന്നീ നിലകളില്‍ ചെന്‍ ബലാബലം വന്നെങ്കിലും ആറ് തുടര്‍ പോയിന്റുകള്‍ ജയറാമിന് കലാശക്കളത്തില്‍ ഇടംനേടിക്കൊടുത്തു. ജര്‍മ്മന്‍, യുഎസ് ഓപ്പണുകളില്‍ ചെന്നിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാനും ഇതോടെ അജയ് ജയറാമിന് സാധിച്ചു. ലോക ഒന്നാം നമ്പര്‍ ചൈനയുടെ ചെന്‍ ലോങ്ങാണ് കിരീടപ്പോരാട്ടത്തില്‍ അജയ് ജയറാമിന്റെ എതിരാളി.
















