ന്യൂദല്‍ഹി: വെറ്ററന്‍സ് സ്‌കീറ്റ് ഷൂട്ടര്‍ മെയ്‌രാജ് അഹമ്മദ് ഖാന്‍ റിയോ ഒളിംപിക്‌സിന്. ഇറ്റലിയിലെ ലൊനാറ്റൊയില്‍ നടക്കുന്ന ഐഎസ്എസ്എഫ് ഷോട്ട്ഗണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനം നേടിയാണ് പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ ആദ്യമായി മെയ്‌രാജ് ഒളിംപിക് യോഗ്യത സ്വന്തമാക്കിയത്. ഇതോടെ, റിയോയിലേക്ക് പ്രവേശനം ലഭിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് നാല്‍പ്പതുകാരന്‍ മെയ്‌രാജ്.
ഇന്നലെ 74 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് മത്സരം തുടങ്ങിയ മെയ്‌രാജ് 122 പോയിന്റോടെ ഏഴാമത് ഫിനിഷ് ചെയ്തു. മത്സരത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയവര്‍ നേരിട്ട് ഒളിംപിക് യോഗ്യത സ്വന്തമാക്കിയപ്പോള്‍, അവശേഷിച്ച രണ്ടു സ്ഥാനങ്ങളിലേക്ക് മത്സരത്തിലെ മികവ് അടിസ്ഥാനമാക്കി. എട്ടാമതെത്തിയ ജര്‍മനിയുടെ റാല്‍ഫ് ബുച്ചെയ്‌മും ഒളിംപിക്‌സിന്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഖുര്‍ജ സ്വദേശിയായ മെയ്‌രാജ് നോയ്ഡയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം സ്‌കീറ്റ് വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
മുന്‍ ഒളംപിക് ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര, വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നാരംഗ്, ജീതു റായ്, ഗുര്‍പ്രീത് സിങ്, പ്രകാശ് നഞ്ചപ്പ, ചെയ്ന്‍ സിങ്, അപൂര്‍വി ചണ്ഡേല തുടങ്ങിയവര്‍ നേരത്തെ റിയോയിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.
















