ലണ്ടന്‍: യുവേഫ യുറോപ്പ ലീഗിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ക്ക് ആവേശകരമായ തുടക്കം. മുന്‍ ചാമ്പ്യന്മാര്‍ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയപ്പോള്‍, ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജയം. നെപ്പോളി, ഒളിംപിക് മാഴ്‌സലെ, ടോട്ടനം, ഷാല്‍ക്കെ ടീമുകള്‍ ജയം നുകര്‍ന്നപ്പോള്‍, ലാസിയോ, മൊണാക്കോ സമനിലയില്‍ കുരുങ്ങി. അതേസമയം, മുന്‍നിര ടീമുകള്‍ ഫിയൊന്റീന, വിയ്യ റയല്‍ ടീമുകള്‍ക്ക് തോല്‍വി.
ഗ്രൂപ്പ് ബിയില്‍ ഫ്രഞ്ച് ടീം ബോര്‍ഡ്യൂക്‌സിനോട് കുരുങ്ങി ലിവര്‍പൂള്‍. എവേ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 65ാം മിനിറ്റില്‍ ആദം ലല്ലാനയിലൂടെ മുന്നിലെത്തിയത് ചുവപ്പ് സൈന്യം. എന്നാല്‍, 81ാം മിനിറ്റില്‍ ജുസ്സി ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു. നീണ്ടകാലത്തിനു ശേഷം ലല്ലാന തന്റെ സ്‌കോറിങ് മികവ് വീണ്ടെടുത്തുവെന്നത് ബ്രെന്‍ഡന്‍ റോഡ്‌ജേഴ്‌സിന്റെ ആശ്വാസം. ഗ്രൂപ്പ് സിയില്‍ മാതിയാസ് ഗിന്റര്‍, ജോ ഹൊ പാര്‍ക്ക് എന്നിവരുടെ ഗോളുകളാണ് ബൊറൂസിയയ്‌ക്ക് ക്രസ്‌നോദറിനെതിരേ ജയം സമ്മാനിച്ചത്. പാവെല്‍ മാമ്യേവിലൂടെ 12ാം മിനിറ്റില്‍ മുന്നിലെത്തിയത് ക്രസ്‌നോദര്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും, മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കയും ബൊറൂസിയ ലക്ഷ്യം കണ്ടു.
ക്വര്‍ബാഗിനെതിരേ ഹ്യൂങ് മിന്‍ സണിന്റെ ഇരട്ട ഗോളുകള്‍ ടോട്ടനത്തിന് മിന്നും ജയം സമ്മാനിച്ചു. 28, 30 മിനിറ്റുകളില്‍ ഹ്യൂങ് ലക്ഷ്യം കണ്ടു. എറിക് ലമേല മൂന്നാം ഗോളിനുടമ. ഏഴാം മിനിറ്റില്‍ റിച്ചാര്‍ഡിലൂടെ മുന്നിലെത്തിയ ശേഷമാണ് ക്വര്‍ബാഗ് തോല്‍വി വഴങ്ങിയത്. നെപ്പോളി മടക്കമില്ലാത്ത അഞ്ചു ഗോളിന് ക്ലബ് ബ്രൂഗെയെ തുരത്തി. ജോസ് കല്ലെജന്റെയും ഡ്രൈസ് മെര്‍ട്ടെന്‍സിന്റെയും ഇരട്ട ഗോളുകളാണ് നെപ്പോളിയെ വന്‍ ജയത്തിലേക്കു നയിച്ചത്. മാരെക് ഹംസിക് അഞ്ചാം ഗോളിനുടമ.
ഗ്രോന്നിജനെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി ഒളിംപിക് മാഴ്‌സലെ. നകൗഡു, ലൂക്കാസ് ഏരിയല്‍ ഒകാംപ്, റൊമെയ്ന്‍ അലെസാന്ദ്രിനി എന്നിവര്‍ സ്‌കോറര്‍മാര്‍. അപോയലിനെ ഇതേ സ്‌കോറിന് ഷാല്‍ക്കെയും വീഴ്‌ത്തി. ക്ലാസ് യാന്‍ ഹണ്ട്‌ലറുടെ ഇരട്ട ഗോളും ജോയല്‍ മാറ്റിപ്പുമാണ് ഷാല്‍ക്കെയുടെ ജയത്തിനു പിന്നില്‍.
സ്വിറ്റ്‌സര്‍ലന്‍ഡ് ടീം എഫ്‌സി ബേസലാണ് ഫിയൊന്റിനയെ വീഴ്‌ത്തിയത്. സ്വന്തം മൈതാനത്ത് മൂന്നാം മിനിറ്റില്‍ നികോല കാലിനിക്കിലൂടെ മുന്നിലെത്തിയ ശേഷമാണ് ഫിയൊന്റിന തോല്‍വി വഴങ്ങിയത്. ബിര്‍കിര്‍ ബ്ജാര്‍ന്‍സണ്‍, മുഹമ്മദ് എല്‍ നെന്നി എന്നിവര്‍ ബേസലിന്റെ സ്‌കോറര്‍മാര്‍. റാപിഡ് വെയ്‌നോട് ഒന്നിനെതിരേ രണ്ടു ഗോളിന് കീഴടങ്ങി വിയ്യ റയല്‍.
ലാസിയോയെ നിലവിലെ റണ്ണറപ്പ് നിപ്രോ കുരുക്കിയപ്പോള്‍ (1-1), ഇതേ സ്‌കോറിന് മൊണോക്കൊ ആന്‍ഡെര്‍ലെറ്റിനെയും പിടിച്ചുകെട്ടി. അയാക്‌സും കെല്‍റ്റിക്കും 2-2ന് സമനിലയില്‍ പിരിഞ്ഞു.
















