ശ്രീനഗര്‍ : ജമ്മുകശ്മിര്‍ അതിര്‍ത്തിവഴി ഭാരതത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ബന്ദിപോര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപത്തായുള്ള കുന്സല്വാന് കാടുകളിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സുരക്ഷാ സേന പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിമുതല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടി സുരക്ഷാസൈന്യം തിരച്ചില്‍ നടത്തി വരികയാണ്.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ഗ്രനേഡുകളും എകെ 47 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. കൊല്ലപ്പെട്ടവര്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ ആണെന്ന് സംശയമുണ്ട്.
എന്നാല്‍ നിയന്ത്രണ രേഖയിലുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണവും നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് കരുതുന്നതെന്നും പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍. എന്‍. ജോഷി അറിയിച്ചു. അതിനിടെ പൂഞ്ച് ജില്ലയിലുണ്ടായ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനികന് പരിക്കേറ്റു.
















