ഇസ്താംബൂള്‍: യൂറോപ്പിലേക്കുള്ള സിറിയന്‍ അഭയാര്‍ഥികളുടെ പ്രവാഹം തുടരുമ്പോള്‍ തുര്‍ക്കി തീരത്തു നിന്ന് വീണ്ടുമൊരു കദനകഥ. ബോട്ടു മുങ്ങി മരിച്ച അയ്‌ലാന്‍ തുര്‍ക്കി എന്ന ബാലന്റെ മൃതദേഹം തുര്‍ക്കി കടലോരത്ത് അടിഞ്ഞതിന്റെ ചിത്രം രണ്ടാഴ്ച മുന്‍പ് ലോകമെമ്പാടും വേദനയായി പടര്‍ന്നു കയറിയിരുന്നു. അതിനു തൊട്ടുപിന്നാലെ തുര്‍ക്കിത്തീരത്ത് ഇന്നലെ ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും അടിഞ്ഞു.
പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പതിനഞ്ച് സിറിയക്കാരുമായി ഗ്രീക്ക് ദ്വീപായ ചിയോസിലേക്ക് പോയ ബോട്ട് മുങ്ങിയതിനു തൊട്ടു പിന്നാലെ പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഈജിയനിലുള്ള സെസ്മി തീരത്താണ് പെണ്‍കുട്ടിയുടെ ജഡം അടിഞ്ഞത്. ഇൗ ബോട്ടിലെ യാത്രക്കാരിയായിരുന്നു അവളുമെന്ന് കരുതപ്പെടുന്നു.ബോട്ടിലെ ഏതാനും യാത്രക്കാരെ തുര്‍ക്കി തീരദേശ രക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു.
മൂന്നു വയസുകാരന്‍ അയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹവും തുര്‍ക്കി കടലോരത്താണ് അടിഞ്ഞിരുന്നത്. ഈ വര്‍ഷം ഇതുവരെയായി മുങ്ങിയ ബോട്ടുകളില്‍ നിന്നായി 53000 അഭയാര്‍ഥികളെ തുര്‍ക്കി തീരദേശ രക്ഷാ സേന രക്ഷിച്ചതായി ഡപ്യൂട്ടി പ്രധാനമന്ത്രി നൂമന്‍ കുര്‍ട്ടല്‍മസ് പറഞ്ഞു.274 പേര്‍ മരിച്ചു.
















