വരാണാസി: ദാരിദ്രത്തിനെതിരെ പോരാടുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തുനിന്നും ദാരിദ്രം തുടച്ചുനീക്കുന്നതിനുള്ള വര്‍ഷങ്ങളായുള്ള ശ്രമം ഉദ്ദേശിക്കുന്ന ഫലം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ദാരിദ്രനിര്‍മാര്‍ജനത്തിനായി കൈക്കൊള്ളുന്ന നടപടികള്‍ ത്വരിതപ്പെടുത്തും.രാജ്യത്തെ പുതുതലമുറയിലേക്കും ദാരിദ്രം പകര്ന്നുകൊടുക്കാതിരിക്കാനാണ് തന്റെ ശ്രമമെന്നും മോദി പറഞ്ഞു. ഏത് സാഹചര്യത്തിലും നിങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മോദി വരാണസിയിലെ ജനങ്ങളെ ആഹ്വാനം ചെയ്തു.
പാവപ്പെട്ട ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും അവരുടെ ജീവിതത്തില്‍ ഇതുവരെ കാതലായ മാറ്റമൊന്നുമുണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടില്ലെന്നും മോദി അഭിപ്രായപ്പെട്ടു.
ഓരോരുത്തരുടെയും ലക്ഷ്യം തങ്ങളുടെ മക്കള്‍ ഏറ്റവും മികച്ച രീതിയില്‍ ജീവിച്ചു കാണണമെന്നതാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തിയാല്‍ ഈ ലോകത്തുള്ള ഒരു ശക്തിക്കും നമ്മെ തടഞ്ഞു നിര്‍ത്താനാവില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
ജന്‍ധന്‍ യോജനക്കെതിരെ വിമര്‍ശനമുയര്‍ത്തുന്ന പ്രതിപക്ഷത്തിനെ മോദി ശക്തമായി
പരിഹസിച്ചു. ബാങ്ക് ദേശസാല്‍ക്കരണം നടന്ന് നാല്‍പ്പത് കൊല്ലം കഴിഞ്ഞിട്ടും പാവപ്പെട്ടവരെ ബാങ്കിംഗില്‍ നിന്ന് അകറ്റി നിര്‍ത്തിയവരാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മോദി പറഞ്ഞു.
ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാത്തവരാണ് അക്കൗണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറയുന്നത്. ഗരീബി ഹഠാവോയെക്കുറിച്ച് നമ്മള് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാല്‍പ്പത് കൊല്ലത്തിലധികമായി. പക്ഷെ ഇതു വരെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒന്നും ചെയ്തില്ല. ദാരിദ്ര്യ മന്ത്രം ചൊല്ലാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നമുക്ക് അതില്‍ നിന്ന് പുറത്തുകടക്കണമെന്നും മോദി പറഞ്ഞു.
സ്വയം പര്യാപ്തത കൈവരിക്കുകയാണ് നമ്മുടെ ലക്ഷ്യം. സാങ്കേതിക വിദ്യ ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് ഏറെ വളര്‍ച്ച കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യം. ദാരിദ്ര്യം തുടച്ചു നീക്കണമെങ്കില്‍ പുതിയ തലമുറക്ക് വിദ്യാഭ്യാസം വേണം. അവരിലേക്ക് ദാരിദ്ര്യം പകര്‍ന്നു കൊടുക്കരുതെന്നും മോദി പറഞ്ഞു.
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ വരാണസിയിലെത്തിയ മോദി 600ല്‍ അധികം ആളുകള്‍ക്ക് സൈക്കിള്‍ റിക്ഷകളും ഇറിക്ഷകളും വിതരണം ചെയ്തുകൊണ്ടാണ് തന്റെ വരാണസി സന്ദര്‍ശനത്തിന് തുടക്കമിട്ടത്.
















