ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍. ശ്രീനഗറിലെ വസതിയില്‍ നിന്ന് ഇന്ന് രാവിലെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആസിയ അന്ദ്രാബിയെ ശ്രീനഗര്‍ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഓഗസ്റ്റ് 18ന് നടന്ന പൊതുസമ്മേളനത്തില്‍ പാക് പതാക വീശിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. പാകിസ്ഥാനില്‍ നടന്ന ഒരു സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചതടക്കം 2 കേസുകളിലാണ് പൊലീസ് അറസ്റ്റ്.
ജമ്മു കശ്മീരിലെ വനിത വിഘടനവാദി സംഘടനയായ ദുഖ്തരന്‍ ഇ മില്ലത്തിന്റെ ചീഫായ അസിയ അന്ദ്രാബി മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ നേതാവുമായ ഹാഫിസ് സയിദിന്റെ റാലിയെ ഫോണിലൂടെ അഭിസംബോധന ചെയ്തിരുന്നു. ഭാരതത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അന്ദ്രാബി ഉപയോഗിച്ചിരുന്നു.
റാലിയെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് സ്വവസതിയില്‍ ആന്ദ്രാബിയും അനുയായികളും പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയും ചെയ്തു . കഴിഞ്ഞ മാര്‍ച്ച് 23 ന് പാകിസ്ഥാന് ദേശീയ ദിനം ആഘോഷിക്കുകയും പാക് പതാക ഉയര്‍ത്തുകയും ചെയ്തതിന് അന്ദ്രാബിക്കെതിരെ കേസെടുത്തിരുന്നു .
















