ന്യൂദല്‍ഹി: ഡേവിസ് കപ്പ് ടെന്നീസിലെ ഇന്ത്യ- ചെക്ക് റിപ്പബ്ലിക്ക് പോരാട്ടം ഇന്നു മുതല്‍. ലോക ഗ്രൂപ്പ് പ്ലേ ഓഫിന്റെ വേദി ദല്‍ഹിയിലെ ആര്‍.കെ. ഖന്ന സ്‌റ്റേഡിയം. രാവിലെ 10ന് സൂപ്പര്‍ താരം തോമസ് ബെര്‍ഡിച്ചില്ലാതെ ഇറങ്ങുന്ന ചെക്ക് റിപ്പബ്ലിക്കിനെ വെല്ലുവിളിക്കാമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. സിംഗിള്‍സില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ യൂക്കി ഭാംബ്രിയും ലോക 85-ാം നമ്പര്‍ ലൂക്കാസ് റോസോളും തമ്മിലാണ് ആദ്യ മത്സരം.
തുടര്‍ന്ന് സോംദേവ് ദേവ് വര്‍മ്മന്‍ ജിറി വെസ്‌ലിയെ നേരിടും. ലോക റാങ്കില്‍ 40-ാമനായ വെസ്‌ലിക്ക് മാനസികാധിപത്യം കല്‍പ്പിക്കപ്പെടുന്നു. നാളെയാണ് ഡബിള്‍സ് മുഖാമുഖം. ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും ഇന്ത്യയെ പ്രതിനിധീകരിക്കും. റാഡെക് സ്റ്റെപാനെക്കും ആദം പാവ്‌ലാസെക്കും ചേര്‍ന്നതാണ് ചെക്ക് ഡബിള്‍സ് ടീം. റിവേഴ്‌സ് സിംഗിള്‍സുകള്‍ ഞായറാഴ്ച നടക്കും.
















