സഹോദരനായ കാര്‍ത്തികേയനുമായി ഗണേശനൊരിക്കല്‍ വഴക്കുണ്ടാക്കി. മല്‍പ്പിടുത്തത്തിനൊടുവില്‍ സുബ്രഹ്മണ്യന്‍, ഗണേശന്റെ ഒരു കൊമ്പ് ഒടിച്ചു കളഞ്ഞുവെന്നും വേറൊരു കഥയുണ്ട്.
ഈ ഒടിഞ്ഞ കൊമ്പ് ഉപയോഗിച്ചാണത്രേ, വ്യാസ മഹാഭാരതം മുഴുവന്‍, വിഘ്‌നേശ്വരന്‍ എഴുതിത്തീര്‍ത്തതെന്ന് പുരാണത്തില്‍ പറയുന്നു.
മഞ്ഞനിറമാണ്, ശ്രീപാര്‍വതിയുടെ പ്രിയപുത്രന്റെ ശരീരത്തിന്. കുറിയ ദേഹപ്രകൃതിയും കുടവയറനുമാണ്. നാലു കൈകളുണ്ട്. ശംഖ്, ചക്രം, ഗദ ഇവ മൂന്നു കയ്യിലും നാലാമത്തെ കയ്യില്‍ ഇഷ്ടഭോജനമായ മോദകവുമാണ്. നാളികേരവും വിനായകന് പ്രിയപ്പെട്ടതാണ്.
വിഘ്‌നങ്ങളകറ്റാന്‍ ഗണപതിക്ക് നാളികേരം ഉടയ്‌ക്കാറുണ്ട്. കൂറ്റന്‍ കപ്പലുകള്‍ ആദ്യമായി കടലില്‍ ഇറക്കുമ്പോള്‍ മാത്രമല്ല, പാര്‍ട്ടി സമ്മേളനങ്ങളുടെ കാലത്ത് മഴയുടെ ലക്ഷണം കണ്ടാല്‍ പോലും വിഘ്‌നേശ്വരന് നാളികേരമുടച്ച് പ്രസാദിപ്പിക്കാറുണ്ട്.
മുമ്പൊക്കെ, നവരാത്രി കാലത്ത് കുടിപ്പള്ളിക്കൂടങ്ങളില്‍ കുട്ടികളെ അക്ഷരം എഴുതാനിരുത്തുമ്പോള്‍ പച്ചരിയില്‍ ”ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്‌നമസ്തുഃ എന്നായിരുന്നു, ആദ്യം എഴുതിപ്പിക്കാറ്. ഇക്കാലത്ത് ഇത് എത്ര പേര്‍ പിന്തുടരുന്നുവെന്നുള്ളത് കണ്ടറിയണം.
കാവേരിനദി ഉണ്ടാകുന്നതിനും കാരണം ഗണപതിയാണത്രേ!ഒരിക്കല്‍ അഗസ്ത്യമുനി, ഗംഗയെ ജലപാത്രത്തിലാക്കി സഹ്യപര്‍വതസാനുവില്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. അപ്പോള്‍ വിഘ്‌നേശ്വരന്‍ ലോകരുടെ സങ്കടനിവാരണാര്‍ത്ഥം വായസരൂപം ധരിച്ച് ജലപാത്രം കൊത്തിമറിച്ചിട്ടെന്നും ആ വെള്ളമാണ് കാവേരി നദിയായി രൂപാന്തരപ്പെട്ടതെന്നും ഐതിഹ്യം.
















