752. വരാരോഹാ- ശ്രേഷ്ഠമായ അരക്കെട്ടുള്ളവള്‍ എന്നു പദാര്‍ത്ഥം. തടിച്ച അരക്കെട്ടും നിതംബവും സൗന്ദര്യലക്ഷണമായി പറയുന്നതു കവിസങ്കേതം. സുന്ദരി എന്നു നാമത്തിനര്‍ത്ഥം. എല്ലാ സൗന്ദര്യത്തിനും സ്രോതസായ ത്രിപുരസുന്ദരിയാണ് മുകാംബികാദേവി.
753. സന്ധ്യാ- പകലിനും രാത്രിക്കും ഇടയ്‌ക്കുള്ള കാലമാണ് സന്ധ്യ. പകലും രാത്രിയും സന്ധിക്കുന്ന വേള. ദിവസത്തിന്റെ രണ്ടു ഘട്ടങ്ങള്‍ ചേരുന്ന സമയത്തെയും സന്ധ്യ എന്നുപറയാം. പ്രാതഃസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നപോലെ ഒരു യുഗം അവസാനിച്ചു മറ്റൊന്നും തുടങ്ങുന്ന കാലം യുഗസന്ധ്യ. രണ്ടു വസ്തുക്കള്‍ തമ്മില്‍ ചേരുന്ന സന്ധിയെയും സന്ധ്യ എന്നുപറയാം. ഏതിന്റെയെങ്കിലും അവസാന ഘട്ടത്തെയും സന്ധ്യ എന്നുപറയാം. ഉദാ: ജീവിതസന്ധ്യ. പ്രപഞ്ചപ്രവര്‍ത്തനത്തിനായി കാലം രൂപമായ മൂകാംബികാദേവി സ്വീകരിക്കുന്ന രൂപങ്ങളാണ് മേല്‍പറഞ്ഞ സന്ധ്യകളെല്ലാം.
പകലിനും രാത്രിക്കും കാരണമായ ആദിത്യന്റെ പ്രകാശസ്രോതസായ ബ്രഹ്മചൈതന്യത്തിനും ജീവാത്മാവിനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണു സന്ധ്യ. ”സന്ധേ്യതി സൂര്യഗം ബ്രഹ്മ” എന്ന മഹാഭാരത നിര്‍വചനപ്രകാരം സൂര്യനെ പ്രാപിച്ച ബ്രഹ്മം തന്നെയാണ് സന്ധ്യ.
”ബ്രഹ്മാദ്യാകാരഭേദേന യാ ഭിന്ന കര്‍മ്മസാക്ഷിണീ
ഭാസ്വതീശ്വരശക്തിഃ സാ സന്ധേ്യത്വഭിഹിതാ
ബുധൈഃ”
എന്നു ഭരദ്വാജസ്മൃതി. ഇതുപ്രകാരം ബ്രഹ്മാവു തുടങ്ങിയ പല മൂര്‍ത്തികളുടെ രൂപത്തില്‍ കര്‍മ്മങ്ങള്‍ക്കു സാക്ഷിണിയായി വര്‍ത്തിക്കുന്ന ഈശ്വരശക്തിയാണു സന്ധ്യ. സന്ധ്യ ബ്രഹ്മാവിന്റെ മാനസപുത്രിയാണെന്നും തപസുചെയ്ത് സിദ്ധി നേടി അരുന്ധതിയായി ജനിച്ചു എന്നും ഭഗവതീപുരാണം.
”യാ സാ സംധ്യാ ബ്രഹ്മസുതാ മനോജാതാ
പുരാളഭവത്
തപസ്തപ്ത്വാ തനും ത്യക്ത്വാ സൈവ
ഭൂതാഹ്യരുന്ധതി”
ഒരുവയസ്സുമാത്രം പ്രായമുള്ള കന്യകയെ സന്ധ്യാ എന്നു വിളിക്കാറുണ്ട്. കന്യകമാരെ ദേവിയായി സങ്കല്‍പിച്ചു പൂജിക്കുന്ന സമ്പ്രദായത്തിലാണ് ഈ അര്‍ത്ഥം.
















