നാഗപ്പൂര്‍: മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഭാരതത്തിന്റെ കമ്പ്യൂട്ടര്‍ വ്യവസായ രംഗത്തെ തകര്‍ത്തുകളഞ്ഞതെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഐടി രംഗത്തെ അതികായനായ മൂര്‍ത്തി രാജ്യത്തിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വേര്‍-ഹാര്ഡ്വേര് രംഗത്തെ വ്യവസായ തകര്‍ച്ചയ്ക്ക് 1975 മുതല്‍ 1991 വരെയുള്ള കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തെറ്റാണ് കാരണമെന്ന് വിശദീകരിച്ചു.
സോഫ്റ്റ്വേര്‍ രംഗത്ത് ഭാരതം വളര്‍ന്നെങ്കിലും ഹാര്ഡ്വേര് മേഖലയില്‍ ഏറെ പിറകിലാണ്. എഞ്ചിനീയേഴ്സ് ഫോറം നാഗപ്പൂര്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത നേട്ടം അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മൂര്‍ത്തി.
ഹാര്ഡ്വേര് മേഖലയില്‍ ചൈനയാണ് ലോകവിപണയില്‍ മുമ്പില്നില്ക്കുന്നത്. ഭാരതത്തിനും അതേ സാധ്യതകളുണ്ട്. പക്ഷേ 1975 മുതല്‍ 1991 വരെയുള്ള കേന്ദ്ര സര്‍ക്കാരുകളുടെ നയപരിപാടികള്‍ ഭാരതത്തെ പിന്നാമ്പുറത്താക്കി, മൂര്‍ത്തി പറഞ്ഞു.
ഇതൊക്കെയായിട്ടും ഭാരതം സോഫ്റ്റ്വേര്‍ മേഖലയില്‍ ലോകത്ത് മുമ്പിലാണ്. ആ മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ട്. ഈ രംഗത്ത് ഭാരതം ഏറ്റവും വലിയ തൊഴില്‍ദാതാവുമാണ്.
ഭാരതം ലോകരാജ്യങ്ങളില്‍നിന്ന് ഈ രംഗത്തേക്ക് ആളുകളെ ജോലിക്കു നിയോഗിക്കേണ്ടതുണ്ട്. ബഹുമുഖ-ബഹുതല സംവിധാനം ഈ രംഗത്ത് നടപ്പിലാക്കാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.
രാജ്യത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസ രംഗത്തെ അപചയത്തെക്കുറിച്ചു പറഞ്ഞ മൂര്‍ത്തി പഠിച്ചു പുറത്തിറങ്ങുന്ന 25 ശതമാനത്തിനേ യോഗ്യയതുള്ളുവെന്നും പറഞ്ഞു. എഞ്ചിനീയറിങ് കോളെജുകളുടെ നിലവാരം ഉയര്‍ത്തണമെങ്കില്‍ അവയ്ക്ക് സമ്പൂര്‍ണ്ണ സ്വയംഭരണം അനുവദിക്കണമെന്നും മൂര്‍ത്തി നിര്‍ദ്ദേശം വെച്ചു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന ഐടി മേഖല ഇനിയും ഏറെ വളരാനുള്ള സാധ്യതയുണ്ടെന്നു പറഞ്ഞ അദ്ദേഹം എഞ്ചിനയറിങ് വിദ്യാഭ്യാസത്തെ വിപ്ലവത്തിലൂടെയേ പുരോഗമിക്കൂ എന്നും പറഞ്ഞു.
















