ന്യൂദല്‍ഹി: നേപ്പാളി യുവതികളെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച സംഭവത്തില്‍ സൗദി എംബസിക്ക് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ അന്ത്യശാസനം. പോലീസ് അന്വേഷണ വുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഗുഡ്ഗാവ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദല്‍ഹിയിലെ സൗദി എംബസി സഹകരിക്കുന്നില്ല. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്റെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കണെമന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വിദേശകാര്യമന്ത്രാലയം തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. നേപ്പാള്‍ എംബസിയും സൗദി എംബസിയോട് അന്വേഷണവുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താത്തതിനെ തുടര്‍ന്നാണ് അന്ത്യശാസനവുമായി ഭാരത വിദേശകാര്യമന്ത്രാലയം നിലപാട് ശക്തമാക്കിയത്.
ന്യൂദല്‍ഹിയിലെ ഭാര അംബാസിഡര്‍ സൗദ് മുഹമ്മദ് അള്‍സാത്തി കഴിഞ്ഞ ആഴ്ച കേന്ദ്രവിദേശകാര്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഗുഡ്ഗാവ് പോലീസില്‍ മൊഴി നല്‍കാന്‍ കേസില്‍ ആരോപണ വിധേയനായ നയതന്ത്ര ഉദ്യോഗസ്ഥന്‍ തയ്യാറാണെന്നും സൗദി അംബാസിഡര്‍ അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും സൗദിയുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണങ്ങള്‍ ഉണ്ടാകാത്തതാണ് വിദേശകാര്യമന്ത്രാലയത്തെ പ്രകോപിപ്പിച്ചത്. നേപ്പാളി യുവതികള്‍ രണ്ടുപേരും പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നായിരുന്നു സൗദി അംബാസിഡറെ വിളിച്ചുവരുത്തിയത്.
കേസ് അന്വേഷണം ഗുഡ്ഗാവ് പോലീസില്‍ നിന്നും ദല്‍ഹി പോലീസിലേക്ക് മാറ്റാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദല്‍ഹിയിലെ സൗദി എംബസിയില്‍ താമസിക്കുന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥനും കുടുംബവും രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ വിലക്കിയിട്ടുണ്ട്. സംഭവം കെട്ടിച്ചമച്ചതാണെന്നും അസത്യമാണെന്നുമാണ് സൗദി എംബസിയുടെ നിലപാട്.
മലയാളിയായ ഏജന്റ് അന്‍വറാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ ഗുഡ്ഗാവിലെ ഫഌറ്റിലേക്ക് നേപ്പാളി യുവതികളെ വീട്ടുജോലിക്കായി വിട്ടത്. ഇതിനായി ഇയാള്‍ ഒരു ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അന്‍വര്‍ ഒളിവിലാണ്. പീഡനത്തിനിരയായ നേപ്പാളി യുവതികളെ എംബസി ഇടപെട്ട് തിരികെ നേപ്പാളിലെത്തിച്ചിട്ടുണ്ട്.
















