വാഷിങ്ടണ്‍: പുതുതലമുറയിലെ വിമാനവാഹിനിക്കപ്പല്‍ സംയുക്തമായി വികസിപ്പിക്കുന്നതിനായി ഭാരതവും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഭാരത നാവികസേനക്ക് കരുത്തേകുന്ന തരത്തിലുള്ളതായിരിക്കും ഇതെന്ന് ഉന്നത പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ജനുവരിയില്‍ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച് ഇരുരാജ്യങ്ങളും പ്രഖ്യാപനം നടത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ആദ്യയോഗം കഴിഞ്ഞമാസം നടന്നിരുന്നു. വൈസ് അഡ്മിറല്‍ എസ്.പി.എസ്. ചീമയുടെ നേതൃത്വത്തിലുള്ള നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യുഎസ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസ് ഷിപ്പ്ബില്‍ഡിങ്ങില്‍ എത്തിയ ഇവരെ യുഎസ് നേവല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും വിമാനവാഹിനി കപ്പല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്‍ ഡയറക്ടര്‍ കീത്ത് വെബ്സ്റ്ററുമായി സംഘം ചര്‍ച്ചകള്‍ നടത്തി. പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടുക്കാഴ്ച നടത്തുകയും വിമാനവാഹിനിക്കപ്പല്‍ ഗവേഷക വിഭാഗവും സന്ദര്‍ശിച്ചു. യുഎസ് നാവികസേനക്ക് സ്വന്തമായ ഡസൈനിങ് ടീമുണ്ട്. ഇവരാണ് ഈ വ്യവസായത്തെ പിന്താങ്ങുന്നത്.
അടുത്ത ആറുമാസം ഇത്‌സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരും. ഭാരത നാവികസേനക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനുള്ള നിരവധി അവസരങ്ങള്‍ ഇതിലൂടെ കൈവരികയും നീണ്ടകാലഘട്ടം ഇത് ഉപയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യും.
















