റോമ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഇയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ സീരി എ ടീം റോമയെ എവേ മത്സരത്തില്‍ നേരിടുമ്പോള്‍ ഗ്രൂപ്പ് എഫില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് എതിരാളികളുടെ തട്ടകത്തില്‍ ഒളിമ്പിയാക്കോസിനെ നേരിടും. മറ്റ് കരുത്തരായ ആഴ്‌സണല്‍, ചെല്‍സി തുടങ്ങിയവരും ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് എഫില്‍ ആഴ്‌സണലിന് ഡൈനാമോ സഗ്‌രബും ഗ്രൂപ്പ് ജിയില്‍ ചെല്‍സിക്ക് മക്കാബി ടെല്‍ അവീവുമാണ് എതിരാളികള്‍.
ബാഴ്‌സലോണയെ സ്വന്തം തട്ടകത്തില്‍ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോമ ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്‌സലോണയെ കീഴടക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ അത് അവരുടെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തും. സീരി എയില്‍ ഇത്തവണത്തെ മൂന്ന് കളികളിലും പരാജയമറിയാതെയാണ് റോമ ഇന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം ജുവന്റസിന്റെ അട്ടിമറിച്ചതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പ്. വെറ്ററന്‍ സ്‌ട്രൈക്കര്‍ ഫ്രാന്‍സിസ്‌കൊ ടോട്ടി, മിറാലെം പാനിക്ക്, എഡിന്‍ സെക്കോ, ഡാനിയേല ഡി റോസ്സി എന്നിവരടങ്ങുന്ന താരനിര ബാഴ്‌സയേക്കാള്‍ ഒട്ടും ചെറുതല്ല. അതുകൊണ്ടുതന്നെ ബാഴ്‌സക്ക് ഇന്ന് അനായാസ വിജയം സ്വപ്‌നം കാണാന്‍ കഴിയില്ല. മറുവശത്ത് എം-എസ്-എന്‍ സഖ്യമാണ് ബാഴ്‌സയുടെ കരുത്ത്. ലോക ഫുട്‌ബോളിലെ ഇന്നുള്ള ഏറ്റവും മികച്ച താരങ്ങളായ ലയണല്‍ മെസ്സി, ലൂയി സുവാരസ്, നെയ്‌മര്‍ എന്നിവരടങ്ങുന്ന ബാഴ്‌സ മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുന്നതിനുസരിച്ചായിരിക്കും റോമയുടെ സാധ്യതകള്‍. അപാരഫോമിലുള്ള ഈ ത്രയത്തെ പിടിച്ചുകെട്ടുക എന്നത് ഏത് പ്രതിരോധത്തിനും കനത്ത വെല്ലുവിളിയാണ്. ഒപ്പം ഇനിയേസ്റ്റയെപോലുള്ള പ്ലേ മേക്കര്‍മാരും ഉള്‍പ്പെടുമ്പോള്‍ ബാഴ്‌സക്ക് ഭയപ്പെടാന്‍ ഒന്നുമില്ല. ഒപ്പം ലാ ലീഗിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. എന്തായാലും ബാഴ്‌സ മുന്നേറ്റനിരയും റോമ പ്രതിരോധവും തമ്മിലായിരിക്കും ഇന്നത്തെ പ്രധാന പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസന്‍ ബലാറസ് ക്ലബ് ബെയ്റ്റ് ബോറിസോവുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫില്‍ നടക്കുന്ന എവേ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന് ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സഗ്‌രബാണ് എതിരാളികള്‍. ആരോണ്‍ റംസി, അലക്‌സി സാഞ്ചസ്, മെസ്യൂട്ട് ഓസില്‍, തിയോ വാല്‍ക്കോട്ട്, ഒളിവര്‍ ഗിറൗഡ്, ഡാനി വെല്‍ബാക്ക് തുടങ്ങിയ പ്രതിഭാധനരായ നിരവധി താരങ്ങള്‍ ആഴ്‌സണലിനുണ്ട്. ഗ്രൂപ്പിലെമറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനെ നേരിടും. ജര്‍മ്മന്‍ ലീഗില്‍ തുടര്‍ച്ചയായ നാല് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് തോമസ് മുള്ളറും സംഘവും ഇന്ന് എവേ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ആര്‍ട്ടുറോ വിദാല്‍, മരിയോ ഗോട്‌സെ, ആര്യന്‍ റോബിന്‍, ഫിലിപ്പ് ലാം തുടങ്ങിയവര്‍ അടങ്ങുന്നതാണ് ബയേണ്‍ താരനിര.
ഗ്രൂപ്പ് ജിയില്‍ ചെല്‍സിക്ക് സ്വന്തം തട്ടകത്തില്‍ കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമാണ്. ഇസ്രായേല്‍ ക്ലബ് മക്കാബി ടെല്‍ അവീവാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇന്ന് അവരുടെ എതിരാളികള്‍. എന്നാല്‍ ഈ സീസണില്‍ വിജയം കണ്ടെത്താന്‍ കഴിയാതെ ഹോസെ മൊറീഞ്ഞോയുടെ ചെല്‍സി വിഷമിക്കുകയാണ്. പ്രതിരോധത്തിലെ പാളിച്ചയായിരുന്നു അവര്‍ക്ക് തിരിച്ചടിയായത്. പ്രീമിയര്‍ ലീഗിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി 17-ാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി. അതുകൊണ്ടുതന്നെ ഇന്ന് വിജയം നേടി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരിക്കും അവരുടെ ലക്ഷ്യം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോ എതിരാളികളുടെ മൈതാനിയില്‍ ഡൈനാമോ കീവിനെ നേരിടും.
ഗ്രൂപ്പ് എച്ചില്‍ ബല്‍ജിയം ടീം കെഎഎ ജെന്റ് ഫ്രഞ്ച് ടീം ലിയോണിനെ സ്വന്തം തട്ടകത്തില്‍ നേരിടുമ്പോള്‍ സ്പാനിഷ് ക്ലബ് വലന്‍സിയ ഹോം മത്സരത്തില്‍ സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗുമായും ഏറ്റുമുട്ടും.
















