ആലുവ: അവയവദാനത്തിന് പുതിയ മാനം നല്‍കിയ നിര്‍ദ്ദനകുടുംബത്തിന് ഇനി വിനയകുമാറിന്റെ ഓര്‍മ്മകള്‍ പ്രചോദനമാകും. വിനയകുമാറിന്റെ ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നീ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കും. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് മസ്തിഷ്‌കമരണം സംഭവിച്ച പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുമുറ്റത്ത് വീട്ടില്‍ വിനയകുമാറി (45)ന്റെ മൃതദ്ദേഹം ഇന്നലെ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.
കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചയ്‌ക്കാണ് അപകടം നടന്നത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് അവയവങ്ങള്‍ ദാനം ചെയ്തത്. ഹൃദയവും കരളും വൃക്കകളും യോജിക്കുന്ന രോഗികളെ മണിക്കൂറുകള്‍ക്കുള്ളിലാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയം മാറ്റിവയ്‌ക്കല്‍ ഇതോടെ നടന്നു. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കരള്‍ എറണാകുളം പി.വി.എസ്. ആശുപത്രിയിലേക്കും വൃക്കകള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കോര്‍ണിയ ആലുവയിലെ ആശുപത്രിയിലെ രോഗിക്കുമാണ് നല്‍കിയത്.
ഫാക്ടിലെ കരാര്‍ ജീവനക്കാരനായ വിനയകുമാറിന്റെ ആദ്യ ഭാര്യ അസുഖം ബാധിച്ച് മരിച്ച ശേഷമാണ് നാല് വര്‍ഷം മുമ്പ് ഇന്ദുവിനെ വിവാഹംചെയ്തത്. ഇന്ദുവിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യയില്‍ വിനയകുമാറിന് രണ്ട് ആണ്‍ മക്കളുണ്ട്. ഇന്ദുവിന് ഒരു പെണ്‍കുട്ടിയും. വിനയകുമാറിനും ഇന്ദുവിനുമായി മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. കുട്ടികളെല്ലാം ഒരുമിച്ചായിരുന്നു. ഏക വരുമാനം വിനയകുമാറിന്റെ ജോലിയില്‍ നിന്നുള്ളതായിരുന്നു. മൂത്ത മകന്‍ നിവിന്‍കുമാര്‍ ബി.ടെക്. വിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെയാള്‍ നീരജ് കുമാര്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഗവ. സ്‌കൂളില്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. മകള്‍ ഗോപിക ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ 6ലും. നാല് വയസ്സുള്ള കൃഷ്ണയാണ് ഇളയ മകള്‍.
















