ചെറുപ്പക്കാര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വീക്ഷണത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് വിദേശങ്ങളിലെ എഴുത്തുകാരുടെ കൃതികള്‍വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും താല്പര്യപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം, ഉപനിഷത്ത് എന്നൊക്കെ അകറ്റിനിര്‍ത്തുവാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ഇനിയും കുറച്ചുപേര്‍, പേരുകേട്ട ആത്മീയാചാര്യന്മാരുടെ ഭക്തരാണ് എന്ന് പറയുന്നതിനും അഭിമാനം കാണുന്നു. ‘അഹന്ത ഉപേക്ഷിക്കൂ’, ‘അഭിമാനം ഉപേക്ഷിക്കൂ’ തുടങ്ങിയ നല്ലവാക്കുകള്‍ പറഞ്ഞു കൊടുക്കുന്ന ആചാര്യന്മാരുടെ ഭക്തരാണ് എന്ന് പറയുന്നതു തന്നെ ഇത്തരക്കാര്‍ക്ക് സോഷ്യല്‍ സ്റ്റാറ്റസ്സിന് ഉപയോഗിക്കുന്ന ഒന്നാണ്! അല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കുകയോ ആഴത്തില്‍ പഠിക്കുകയോ അല്ല പലരുടേയും ലക്ഷ്യം.
അമ്പലത്തില്‍ പോകുന്നചിലരുണ്ട്. അടുത്തുള്ള ‘ചെറിയ’ അമ്പലങ്ങളില്‍ ആരും പോകാറില്ല. ദൂരേയുള്ള ക്ഷേത്രങ്ങളില്‍മാത്രം ഉല്ലാസയാത്രപോലെ കുടുംബവുമായി ഒന്നു കറങ്ങും. ആയാത്രയാല്‍ എല്ലാമായി.
എന്തിനാണ് അമ്പലത്തില്‍ പോകുന്നത്? കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരുവഴിപാട് കൊടുക്കാം എന്ന് നേരുന്നു. എന്തെങ്കിലും കാരണത്താല്‍ അവരുടെ ആഗ്രഹം നടപ്പായാല്‍ അവര്‍ പിന്നെ അക്കാര്യം തന്നെ മറന്നുപോകും. അടുത്ത പ്രശ്‌നം വരുമ്പോള്‍ ഓര്‍ക്കും, ഓ, പണ്ട് നേര്‍ന്നത് കൊടുത്തില്ലല്ലോ. അത് ഒരു ഭയമായി മാറുന്നു. താമസിയാതെ എത്രയും പെട്ടെന്നുതന്നെ ഒരു നല്ലവാഹനംപിടിച്ച് ഒരുയാത്ര! അവിടെ ചെന്ന് കുറച്ചുമാത്രം രൂപ കാണിക്ക, അര്‍ച്ചന, വഴിപാട്, പൂജ എന്നൊക്കെ നടത്തും, അതിന്റെ അമ്പതുമടങ്ങ് രൂപ വഴിക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനും ആഹാരം കഴിക്കാനും മറ്റുംചെലവാക്കി മനസ്സമാധാനത്തോടെ തിരിച്ചു വരുന്നു.
ഉന്നതവിദ്യാഭ്യാസം നേടിയ പലരും പാശ്ചാത്യ മൂല്യങ്ങളില്‍ അമിതമായി വിശ്വസിക്കുമ്പോള്‍ ആര്‍ഷഭാരത സാംസ്‌കാരിക പൈതൃകത്തെ അറുപഴഞ്ചനായി മുദ്രകുത്തുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു വരിപോലും വായിക്കാനോ ചര്‍ച്ച ചെയ്യാനോ അതേപറ്റി മനസ്സിലാക്കാനോ ഒരു ചെറിയ ശ്രമംപോലും നടത്താതെയാണ് ഇങ്ങനെ താറടിച്ചു കാണിക്കുന്നത്. അറിയാന്‍ ശ്രമിക്കാത്ത ഒരു കാര്യത്തെ തള്ളിപ്പറയുന്നത് ഏറ്റവും വലിയ വിവരക്കേടല്ലേ? ഒന്ന് ചിന്തിക്കൂ.
സന്യാസിവേഷം കെട്ടിയ വളരെയേറെ ആള്‍ക്കാര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സന്യാസിക്കു വേഷംകെട്ടലിന്റെ ആവശ്യമേയില്ല. കള്ളസന്യാസിമാരും കള്ളഭക്തരും പണ്ട് ശ്രീ ശങ്കരാചാര്യരുടെ കാലത്തും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭജഗോവിന്ദം എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നു. കള്ള നാണയങ്ങള്‍ ആത്മീയ വഴികളില്‍ മാത്രമല്ല, എല്ലാ തുറകളിലും ഉണ്ടല്ലോ. കള്ള നോട്ടുകള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ രൂപയുടെ ഉപയോഗം നിര്‍ത്തി വയ്‌ക്കാറില്ലല്ലോ. അപ്പോള്‍ കള്ളനാണയങ്ങളെ ദൂരെ വലിച്ചെറിഞ്ഞു നല്ല നാണയങ്ങളെ സ്വീകരിക്കാമല്ലോ.
















