ലാസ്‌വെഗാസ്: ബോക്‌സിങ്ങില്‍ തനിക്ക് പറ്റിയ എതിരാളികളില്ലെന്ന് തെളിയിച്ച് അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ റിങ്ങിനോട് വിടപറഞ്ഞു. ഇന്നലെ നടന്ന തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ അമേരിക്കയുടെ തന്നെ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് കിരീടം നിലനിര്‍ത്തിയാണ് മെയ്‌വെതര്‍ വിരമിച്ചത്. തോല്‍വിയറിയാതെ തുടര്‍ച്ചയായ 49-ാം വിജയമായിരുന്നു 38കാരനായ മെയ്‌വതറിന്റേത്.
ഇന്നത്തെ വിജയത്തോടെ ഇതിഹാസ താരം റിക്കി മാര്‍സിയാനോയുടെ റെക്കോഡിനൊപ്പമെത്തി മെയ്‌വെതര്‍. വിരമിക്കല്‍ തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും താന്‍ തന്നെയാണു ലോകത്തിലെ മികച്ച താരമെന്നും മത്സരശേഷം മെയ്‌വെതര്‍ പറഞ്ഞു. ബെര്‍റ്റോ മികച്ച എതിരാളിയായിരുന്നെങ്കിലും തന്റെ പരിചയസമ്പത്ത് മത്സരത്തില്‍ വിജയിക്കാന്‍ സഹായിച്ചുവെന്നും മെയ്‌വെതര്‍ പറഞ്ഞു. കരിയറിലെ നാലാം തോല്‍വിയാണ് ബെര്‍ട്ടോയുടേത്.
മത്സരത്തില്‍ മൂന്ന് വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വെതറിന് അനുകൂലമായിരുന്നു. 117-111, 118-110, 120-108 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഈ വര്‍ഷം മെയ് മൂന്നിന് നൂറ്റാണ്ടിന്റെ പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോയെ വീഴ്‌ത്തി മെയ്‌വെതര്‍ ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടം ചൂടിയിരുന്നു.
അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായിട്ടുള്ള മെയ്‌വതര്‍ നാളിതുവരെ കളിച്ച 49 പ്രഫഷണല്‍ കളികളില്‍ ഒരിക്കല്‍ പോലും തോല്‍വി അറിയാതെയാണ് ഇടിക്കൂടിനോട് വിടപറയുന്നത്. ബോക്‌സിങ്ങിലെ മൂന്നു പ്രധാന അസോസിയേഷനുകളുടെയും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാണ് ഇടിനിര്‍ത്തുന്നത്. 19 വര്‍ഷമാണ് മെയ്‌വെതര്‍ ബോക്‌സിങ് റിങ്ങില്‍ അപരാജിതനായി നിലകൊണ്ടത്. അതുകൊണ്ടുതന്നെ എക്കാലത്തെയും മികച്ച ബോക്‌സറാണ് താന്‍ എന്ന് തെളിയിച്ചാണ് മെയ്‌വെതര്‍ റിങ്ങിനോട് വിടപറയുന്നത്.
















