ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ആഴ്‌സണലു വിജയം സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് വീണ്ടും പരാജയം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം മൈതാനത്ത് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ സിറ്റി എവേ മത്സരത്തില്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി. ആഴ്‌സണല്‍ 2-0ന് സ്‌റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടനോട് തകര്‍ന്നു.
ഓള്‍ഡ് ട്രഫോര്‍ഡില്‍ ലിവര്‍പൂളിനെതിരായ കളിയില്‍ തുടക്കം മുതലേ ആക്രമണങ്ങളുമായി യുണൈറ്റഡ് താരങ്ങള്‍ കളം വാണെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 49-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ജുവാന്‍ മാട്ടയുടെ പാസില്‍ നിന്ന് ഡാലി ബ്ലിന്‍ഡാണ് യുണൈറ്റഡിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 70-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആന്ദ്രെ ഹെരേര ലീഡ് ഉയര്‍ത്തി. ഹെരേരയെ ബോക്‌സിനുള്ളില്‍ വച്ച് ലിവര്‍പൂള്‍ താരം ജോസഫ് ഗോമസ് വീഴ്‌ത്തിയതിനാണ് സ്‌പോട്ട്കിക്ക് ലഭിച്ചത്. 84-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ബെന്റക്കെ ലിവര്‍പൂളിനായി ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ആഷ്‌ലി യങിന്റെ പാസില്‍ നിന്ന് ആന്റണി മാര്‍ഷ്യല്‍ മൂന്നാമതും ലിവര്‍പൂള്‍ വല കുലുക്കി. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് 10 പോയിന്റുമായി യുണൈറ്റഡ് രണ്ടാമതെത്തി.
മറ്റൊരു മത്സരത്തില്‍ കെലെച്ചി ഇഹിയാന്‍ചോ 90-ാം മിനിറ്റില്‍ നേടിയ ഏക ഗോളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ക്രിസ്റ്റല്‍പാലസിനുമേല്‍ വിജയം നേടിക്കൊടുത്തത്. ഇതോടെ കളിച്ച അഞ്ച് കൡകളും വിജയിച്ച് സിറ്റി 15 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പരാജയത്തോടെ ക്രിസ്റ്റല്‍ പാലസ് 9 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വാല്‍ക്കോട്ടും ഒളിവര്‍ ഗിറൗഡും നേടിയ ഗോളുകളുടെ കരുത്തിലാണ് ആഴ്‌സണല്‍ സ്‌റ്റോക്ക് സിറ്റിക്കെതിരെ 2-0ന്റെ വിജയം നേടി. അഞ്ച് കളികളില്‍ നിന്ന് 10 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്ത്.
നിലവിലെ ജേതാക്കളായ ചെല്‍സിക്ക് വിജയം അപ്രാപ്യമാവുകയാണ്. ഈ സീസണില്‍ കളിച്ച അഞ്ച് കളികളില്‍ മൂന്നാമത്തെ പരാജയം ചെല്‍സി ഏറ്റുവാങ്ങി. എവര്‍ട്ടനോടാണ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തോല്‍വി ചെല്‍സി നേരിട്ടത്. സ്റ്റീവന്‍ നയ്‌സ്മിത്തിന്റെ ഹാട്രിക്കാണ് എവര്‍ട്ടന് ഗംഭീര വിജയം സമ്മാനിച്ചത്. 17, 22, 82 മിനിറ്റുകളിലായിരുന്നു നയ്‌സ്മിത്ത് ചെല്‍സി വലയില്‍ പന്തെത്തിച്ചത്. ചെല്‍സിക്കായി 36-ാം മിനിറ്റില്‍ നെമന്‍ജ മാറ്റിച്ച് ഗോള്‍ നേടി. തോല്‍വിയോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് കേവലം നാല് പോയന്റുള്ള ചെല്‍സി 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
















