റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിന് വിജയം അകലെ. ലീഗിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം മൂന്നാം മത്സരത്തില്‍ സമനില നേടാന്‍ കഴിഞ്ഞതു മാത്രമാണ് അവര്‍ക്ക് ആശ്വാസം.
ചീവോയോടാണ് ഇന്നലെ ജുവന്റസിന് സമനില വഴങ്ങേണ്ടിവന്നത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ഹെറ്റെമാജിലൂടെ ചീവോ ലീഡ് നേടിയെങ്കിലും 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ പൗളോ ഡിബാല ജുവന്റസിന്റെ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് കളികളില്‍ നിന്ന് ഒരു പോയിന്റുമായി 16-ാം സ്ഥാനത്താണ് നിലവിലെ ലീഗ് ചാമ്പ്യന്മാരായ ജുവന്റസ്. അതേസമയം 7 പോയിന്റുമായി ചീവോ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മറ്റ് മത്സരങ്ങളില്‍ ഫിയോറന്റീന 1-0ന് ഗനോവയെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ റോമ 2-0ന് ഫ്രോസിനോണിനെ കീഴടക്കി. റോമക്കായി 44-ാം മിനിറ്റില്‍ ഫാല്‍ക്കെയും ഇഞ്ചുറി സമയത്ത് ജുവാന്‍ ഇറ്റിയൂര്‍ബെയും ലക്ഷ്യം കണ്ടു.
ഇന്നലെ നടന്ന മറ്റൊരു കളിയില്‍ വെറോണ 2-2ന് ടോറിനോയെ സമനിലയില്‍ കുരുക്കി. രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് ടോറിനോ സമനില പിടിച്ചത്. വെറോണക്ക് വേണ്ടി 49-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂക്കാ ടോണിയും 71-ാം മിനിറ്റില്‍ ഗോമസ് ടലെബും ഗോളുകള്‍ നേടിയപ്പോള്‍ ടോറിനോക്കായി 66-ാം മിനിറ്റില്‍ ബസെല്ലിയും 73-ാം മിനിറ്റില്‍ അക്വാഷുമാണ് ലക്ഷ്യം കണ്ടത്. ലീഗില്‍ 7 പോയിന്റ് വീതമുള്ള ടോറിനോ രണ്ടാമതും റോമ മൂന്നാമതുമാണ്.
















