നാസിക് : മഹാരാഷ്‌ട്രയിലെ ത്ര്യംബകേശ്വരത്തും നാസിക്കിലും ലക്ഷക്കണക്കിന് സന്യാസിമാരും വിശ്വാസികളും കുംഭമേളയുടെ രണ്ടാം പുണ്യ സ്‌നാനത്തില്‍ പങ്കുകൊണ്ടു. കുശാവര്‍ത്ത, രാംകുണ്ഡ എന്നിവിടങ്ങളിയായിരുന്നു പുണ്യസ്‌നാനം. വൈഷ്ണവ-ശൈവ സന്യാസിമാരും വിശ്വാസികളും മന്ത്രവും സ്‌തോത്രവും മുഴക്കി പുണ്യകര്‍മ്മത്തില്‍ പങ്കെടുത്തു.
നിരജ്ഞാനി അഖാരയില്‍ പെട്ട സന്യാസിമാര്‍ ത്ര്യംബകേശ്വരത്തെ കുശാവര്‍ത്തയിലേക്ക് അതിപ്രൗഢമായ േഘാഷയാത്ര നടത്തിയാണ് എത്തിയത്. അവര്‍ മൂര്‍ത്തീ പൂജ നടത്തി ആചാരാനുഷ്ഠങ്ങളോടെ സ്‌നാനം ചെയ്തു. തുടര്‍ന്ന് പ്രസിദ്ധമായ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അതത് അഖാരാ കേന്ദ്രങ്ങളിലേക്കു മടങ്ങി.
നാസിക്കിലെ രാമകുണ്ഡില്‍ നിര്‍മോഹി അഖാരയില്‍ പെട്ട സന്യാസിമാര്‍ തപോവന്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയോടെ എത്തി. അവര്‍ക്കു പിന്നാലെ നിര്‍വാഹിനി, ദിഗംബര്‍ അഖാരയിലെ സന്യാസിമാരും എത്തിച്ചേര്‍ന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് പുണ്യസ്‌നാനത്തിനെത്തിയിരുന്നത്. ആദ്യ പാര്‍വണി സ്‌നാനം ആഗസ്റ്റ് 29-നായിരുന്നു. ഇതു രണ്ടാമത്തേതാണ്.
















