ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ധനവകുപ്പു നടത്തിയ പരിശോധനയില്‍ ഗുരുതരമായ പോരായ്‌മകള്‍ കണ്ടെത്തി. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് വച്ച നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന.
ഇതെത്തുടര്‍ന്ന് സാമ്പത്തിക കാര്യ വിനിമയത്തിന് കര്‍ക്കശമായ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തെന്ന് ധനവിനിയോഗ വിഭാഗത്തിനു കീഴിലുള്ള കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് വിജിലന്‍സ് വിഭാഗം അറിയിച്ചു.
ഇതുപ്രകാരം ഇനിമേല്‍ കാല്‍ലക്ഷം രൂപയ്‌ക്കു മുകളിലുള്ള ഒരിടപാടും ചെക്കു മുഖേനയാകില്ല. ഇ പേയ്‌മെന്റിലൂടെയാകും. ഫണ്ടിന്റെ വകമാറ്റവും വകതിരിയ്‌ക്കലിലെ പിഴവുകളും കര്‍ക്കശമായി നിയന്ത്രിക്കും.
ജോലികള്‍ പുറം കരാര്‍ കൊടുക്കുന്നതും താല്‍കാലിമായി ആളുകളെ ജോലിക്കു നിയോഗിക്കുന്നതും ഇനിമേല്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ ഡിവിഷന്റെ കൃത്യമായ അനുമതിയോടെയേ നടക്കൂ. വാഹനങ്ങള്‍ വാടകയ്‌ക്ക് എടുക്കുന്നതു സംബന്ധിച്ചും ഈ വിഭാഗത്തിന്റെ അനുമതി നേടണം.
ഇത്തരത്തില്‍ ചില ഡിപ്പാര്‍ട്ടുമെന്റുകളില്‍ അതികര്‍ക്കശമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കാനാണ് അടിയന്തര തീരുമാനം. ഇതിന്റെ ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. വൈകാതെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ബാധകമാക്കും.
















