ന്യൂദല്‍ഹി:വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും ഓഹരി വിപണികള്‍ വഴിയും ഭീകരര്‍ക്കെത്തുന്ന സാമ്പത്തിക സഹായങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പങ്കുവെക്കുന്നില്ലായെന്ന് ആക്ഷേപം.
അന്തര്‍-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സ് (എഫ്എടിഎഫ്) എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നും ഭീകരരുടെ നിക്ഷേപം സംബന്ധിച്ചും പഠിക്കുന്നതിനായി ഒരു വര്‍ക്ക് ഗ്രൂപ്പ് കേന്ദ്രം രൂപീകരിച്ചിരുന്നു. ഓഹരി വിപണികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഭീകരരുടെ ഭീഷണിക്ക് വഴങ്ങുന്ന രീതിയും ഈ ഗ്രൂപ്പ് വിശകലനം ചെയ്യും.
ഭീകരര്‍ക്കുളള സാമ്പത്തിക സഹായം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി ആഗസ്റ്റ് 19ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ ഗ്രൂപ്പ് കത്തയച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോ ഇത് സംബന്ധിച്ച് മറുപടി നല്‍കാന്‍ തയ്യാറായില്ല. ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് രഹസ്യാനേഷണ വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റും ശേഖരിച്ച വിവരങ്ങള്‍ നല്‍കുവാനും ഇവര്‍ തയ്യാറായില്ല. അതാത് മേഖലകളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണിയും ഈ വിവരശേഖരണത്തില്‍ ഉള്‍പ്പെടുന്നതാണ്.
ഭീകരരുമായി ബന്ധപ്പെട്ട കേസുകള്‍, അന്വേഷിച്ചവ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ, അന്താരാഷ്‌ട്രതലത്തില്‍ സഹായങ്ങള്‍ ലഭിക്കുന്നവ, വസ്തുവകകള്‍ തുടങ്ങിയ വിവരങ്ങളാണ് തേടിയത്. ഭീകരര്‍ക്ക് എത്തുന്ന പണം വലിയ തോതിലുള്ളതാണോ, അത് ഏതെല്ലാം രീതിയിലാണ് ബാധിക്കുന്നത് എന്നീ വിവരങ്ങളും തേടിയിരുന്നു.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനാണ് എഫ്എടിഎഫ് ലക്ഷ്യമിട്ടിരുന്നത്.
















