ശ്രീനഗർ: കാശ്മീരിൽ സംഘടിപ്പിച്ച പ്രഥമ ഹാഫ് മാരത്തൺ അലങ്കോലപ്പെട്ടു. മാരത്തൺ ഉദ്ഘാടനത്തിനിടെ ചില സംഘങ്ങൾ സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലെറിയുകയും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയുമായിരുന്നു.
ഹസ്രത്ബാലിലെ കാശ്മീർ സർവ്വകലാശാലയ്‌ക്ക് സമീപമായിരുന്നു മാരത്തണിന്റെ തുടക്കം. രാവിലെ തന്നെ മത്സരാർഥികളും നിരവധി കാഴ്ചക്കാരും ഇവിടെ സജീവമായിരുന്നു. 21 കിലോമീറ്റർ ദൈർഘ്യമുളള ഹാഫ് മാരത്തൺ തുടങ്ങുന്നതിന് തൊട്ടുമുൻപ് കറുത്ത തുണി കൊണ്ട് മുഖം മറച്ച യുവാവ് പാക് പതാക ഉയർത്തിക്കാട്ടി.
ഇതിന് പിന്നാലെ കാണികളായി ഒത്തുകൂടിയിരുന്ന ഒരു സംഘം യുവാക്കൾക്കിടയിൽ നിന്ന് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നു.
ഇതിന് പിന്നാലെയായിരുന്നു യാതൊരു പ്രകോപനവും ഇല്ലാതെ ഈ സംഘം വേദിക്ക് കാവൽ നിന്നിരുന്ന സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലെറിഞ്ഞത്. കല്ലേറ് അസഹ്യമായതോടെ സുരക്ഷാ സേന ലാത്തിവീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരിൽ ചിലർ വനിതാ മത്സരാർഥികളോട് മോശമായി പെരുമാറിയതായും പരാതി ഉയർന്നിട്ടുണ്ട്.
വിനോദ സഞ്ചാര വികസനത്തിനായി കാശ്മീരിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായമുയർന്നിരുന്നു. ബിഗ് 92.7 എഫ്എം റേഡിയോയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ക്രിക്കറ്റ് താരം പർവ്വേസ് റസൂൽ ഉൾപ്പെടെ അയ്യായിരത്തോളം പേർ മാരത്തണിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കളും രജിസ്റ്റർ ചെയ്തിരുന്നു.
















