ജബുവ : മധ്യപ്രദേശിലെ ജബുവയില്‍ റെസ്റ്റോറന്റില്‍ സ്ഫോടനമുണ്ടായത് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചാണെന്ന് സ്ഥിരീകരണം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് വന്‍ സ്ഫോടനം ഉണ്ടായത്. നൂറോളം സ്റ്റിക്കുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ച രേജേന്ദ്ര കസാവയ്‌ക്കെതിരെ തെരച്ചില്‍ ആരംഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 340(നരഹത്യ), 3(സ്‌ഫോടനം നടത്തി മനുഷ്യര്‍ക്കോ വസ്തുവകകള്‍ക്കോ അപായമുണ്ടാക്കുക), 4(മനുഷ്യര്‍ക്കോ വസ്തുവകകള്‍ക്കോ അപായമുണ്ടാക്കാനായി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുക) എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പെത്‌ലവാഡ് സബ്ഡിവിഷണല്‍ ഓഫീസര്‍ ഒഫ് പൊലീസ് എ.ആര്‍. ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഖനി മുതലാളിയായ കസാവയ്‌ക്ക് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ട്. അതേസമയം സ്ഫോടനത്തിനു ശേഷം ഇയാളും കുടുംബവും ഇവിടെ നിന്ന് കടന്നു കളഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തു.
സ്‌ഫോടനത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിന് ശേഷം സ്ഥലത്തെ സ്ഥിതിഗതികളെപ്പറ്റി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
















