കുരുക്ഷേത്രത്തിലെ പടയാളികളെപ്പോലെ മാതൃരാജ്യത്തിനുവേണ്ടി ജീവന് ബലികൊടുത്ത് വീരസ്വര്‍ഗം പൂകിയ ചാവേറുകള്‍ ഒരുകാലത്ത് ഈ ദേശത്തിന്റെ പ്രത്യേകതയായിരുന്നു-സാമൂതിരിയുടെ അധിനിവേശത്തിനും മേല്‍ക്കോയ്മക്കുമെതിരെ പോരാടി മാമാങ്കമെന്ന മഹോത്സവത്തില്‍ പങ്കെടുത്ത് തങ്ങളുടെ ജീവന് ബലി നല്കി വീരസ്വര്‍ഗം പ്രാപിച്ച വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍… പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന ഈ ഉത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ദേശത്തിന്റെ അധിപനായ സാക്ഷാല്‍ നാവാമുകുന്ദന് ഇവിടെ എഴുന്നള്ളിയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു…
നവയോഗികളില്‍ പ്രതിഷ്ഠിതമായ തിരുന്നാവായ മണപ്പുറത്തെ നാവാമുകുന്ദ ക്ഷേത്രം. ആത്മാക്കളെ പിതൃക്കളുമായി സംയോജിപ്പിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ ദിവസവും ബലിയിടാന്‍ വരുന്ന വിശ്വവിഖ്യാതമായ വൈഷ്ണവക്ഷേത്രം. ത്രിമൂര്‍ത്തീ സംഗമത്തിന്റെ പരിപാവനതയില്‍ പൂര്ണജന്മ പുണ്യത്താല്‍ ഈ നിളാതീരത്തുനിന്ന് തങ്ങളുടെ പൂര്വപിതൃക്കളുടെ ലോകത്തേക്ക് യാത്രയാകുന്ന ആത്മാക്കള്‍ പക്ഷേ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നവദ്വാരങ്ങളാകുന്ന നമ്മുടെ ശരീരമെന്ന ഈ പുരത്തില്‍ അന്തര്യാമിയായി കുടിയിരുന്ന് വിശ്വനാടകം രസിക്കുന്ന ഈ നാവാമുകുന്ദനെപ്പറ്റി?
ദേവന്മാര് പോലും കൊതിക്കുന്ന ദുര്‍ലഭമായ ശരീരം-അത്രക്കും ശ്രേഷ്ഠമെന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ ഈ മനുഷ്യശരീരം. ഏകനായി നിലകൊള്ളുന്ന പരമാത്മതത്വം തനിക്കു പലതാകണം എന്ന സങ്കല്‍പ്പത്തില്‍ ഇരുപത്തിയാറ് തത്വങ്ങളിലൂടെ ഈ മനുഷ്യശരീരത്തില്‍ അന്തര്യാമിയായി കുടിയിരിക്കുന്നു. പരമാത്മാവ്, പ്രകൃതി, പുരുഷന്, മഹത്വം, അഹങ്കാരം എന്നിങ്ങനെ സൃഷ്ടിയുടെ പ്രാരംഭഘട്ടങ്ങളിലുള്ള അഞ്ചു തത്വങ്ങള്ക്കിപ്പുറം ഇരുപത്തിയൊന്ന് തത്വങ്ങളുടെ ബന്ധനത്തിലിരുന്ന് തന്റെ യഥാര്‍ത്ഥ സ്വരൂപം അറിയാന്‍ ശ്രമിക്കാതെ മരിക്കുന്ന ഈ അസുലഭ ശരീരം…..ഈ ഇരുപത്തിയൊന്ന് തത്വങ്ങളില്‍ നിന്ന് പഞ്ചഭൂതങ്ങള്‍ നശിക്കുമ്പോഴുള്ള താല്ക്കാലികമായ അവസ്ഥ, അതായത് മരണത്തിനുശേഷമുള്ള അവസ്ഥ-സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് പതിനാറു തത്വങ്ങളുടെ സഞ്ചയമായ ഒരു സൂക്ഷ്മശരീരമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
അതായത് ജ്ഞാനേന്ദ്രിയങ്ങളായ കണ്ണ്, നാക്ക്, മൂക്ക്, ത്വക്ക്, ചെവി എന്നിവയുടെയും കര്‍മേന്ദ്രിയങ്ങളായ വാക്ക്, കൈ, കാല്, ഉപസ്ഥം, ഗുദം എന്നിവയുടെയും സൂക്ഷ്മ തന്മാത്രകളായ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയുടെയും പിന്നെ ഇവയ്ക്കെല്ലാം അമ്മയായി വര്‍ത്തിക്കുന്ന മനസ്സിന്റെയും ഒരു സൂക്ഷ്മ ശരീരം! യഥാര്‍ത്ഥത്തില്‍ ഈ പതിനാറ് തത്വങ്ങള്‍ തന്നെയല്ലേ മാമാങ്കത്തിലും മാര്‍ക്കണ്ഡേയന്റെ കഥയിലും പ്രതിഫലിക്കുന്നത്?
മാമാങ്കത്തിലെ ചാവേറുകള്‍ ഒരര്‍ത്ഥത്തില്‍ നമ്മളിലെ ഈ പതിനാറു തത്വങ്ങളുടെ പ്രതീകം തന്നെയല്ലേ? അതെ-സ്വധര്‍മാനുഷ്ഠാനത്തിലൂടെ വീരസ്വര്‍ഗം നേടിയെടുക്കാന്‍ വേണ്ടി ഇന്ദ്രിയ സമുച്ചയങ്ങളെയും മനസ്സിനേയും പാകപ്പെടുത്തി കര്‍മങ്ങള്‍ ചെയ്യുന്ന ഒരു ജനതയുടെ! ആ ജനതക്ക് ഗുരുവായി നില്ക്കുന്നതോ-സാക്ഷാല്‍ നാവാമുകുന്ദന്. കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന്റെ സംശയങ്ങള്‍ ദൂരീകരിച്ച് യുദ്ധസജ്ജനാക്കിയ ദ്വാപരായുഗത്തിലെ ആ ശ്രീകൃഷ്ണപരമാത്മാവിനെപ്പോലെ ഈ കലിയുഗം അയ്യായിരം വര്‍ഷം പിന്നിടുമ്പോള്‍ ഈ നിളാതീരത്ത് മാമാങ്കമെന്ന ഉത്സവത്തിലൂടെ ഭഗവാന് പറയാന്‍ ശ്രമിക്കുന്നതും അതുതന്നെയല്ലേ?
വൃദ്ധരായ ബ്രാഹ്മണ ദമ്പതിമാര്‍ക്ക് ശിവന്റെ അനുഗ്രഹത്തില്‍ പിറന്ന മാര്ക്കണ്ഡേയന് എന്ന അതിബുദ്ധിമാനായ ബാലന്റെ കഥയാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം.
പുത്രസൗഭാഗ്യത്തിനായി ശിവനെ തപസ്സു ചെയ്യുന്ന ഭൃഗണ്ഡ മഹര്‍ഷിയോടും അദ്ദേഹത്തിന്റെ പത്നിയോടും നൂറുവര്‍ഷം ആയുസ്സുള്ള ബുദ്ധിമാന്ദ്യമുള്ള ഒരു പുത്രനെയാണോ അതോ,
പതിനാറു വയസ്സുവരെ മാത്രം ജീവിച്ചിരിക്കുന്ന ബുദ്ധിമാനായ ഒരു പുത്രനെയാണോ നിങ്ങള്‍ക്കു വരമായി വേണ്ടത് എന്ന് ശിവന് ചോദിക്കുന്നു. ശിവന്റെ ആ ചോദ്യത്തിന് പതിനാറുവര്‍ഷം ജീവിച്ചിരിക്കുന്ന ബുദ്ധിമാനായ പുത്രന് മതി എന്ന് ആ ദമ്പതികള്‍ സങ്കടത്തോടെ മറുപടി പറയുന്നു. തങ്ങളുടെ മകന് വളരുന്തോറും ആ ദമ്പതികളുടെ ദുഃഖവും വര്‍ധിക്കുന്നു. തന്റെ മാതാപിതാക്കളുടെ ദുഃഖത്തെപ്പറ്റി അവരോടു ചോദിക്കാന്‍ തനിക്ക് പതിനാറു വയസ്സുവരെ മാത്രമേ ആയുസ്സുള്ളൂ എന്നവരില്‍നിന്നും മാര്ക്കണ്ഡേയന് മനസ്സിലാക്കുന്നു. പതിനാറുവയസ്സു തികയുന്ന അന്ന് തന്നെ വധിക്കാനായി വരുന്ന കാലനില്‍നിന്നും ഓടി രക്ഷപ്പെട്ട് നാവാമുകുന്ദനെ അഭയം പ്രാപിക്കുകയാണ് മാര്ക്കണ്ഡേയന്. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ നിസഹായനാണെന്നും തൃപ്രങ്ങോട്ടപ്പനു മാത്രമേ സഹായിക്കാന്‍ കഴിയുകയുള്ളൂ എന്നും പറഞ്ഞ് ക്ഷേത്രത്തിന്റെ പുറം വാതിലിലൂടെ മാര്‍ക്കണ്ഡേയനെ അവിടെനിന്നും യാത്രയാക്കുകയാണ് നാവാമുകുന്ദന്.
നാവാമുകുന്ദന് നല്കിയ ഏഴ് കല്ലുകളുമായി തൃപ്രങ്ങോട്ടേക്കുള്ള തന്റെ യാത്ര തുടരുകയാണ് മാര്ക്കണ്ഡേയന്. നാവാമുകുന്ദന്റെ നിര്‍ദ്ദേശപ്രകാരം ആ കല്ലുകളോരോന്നും ആ യാത്രയിലെ നിശ്ചിത ഇടവേളകളില്‍ പുറകിലുപേക്ഷിക്കുകയാണ് മാര്ക്കണ്ഡേയന്.
(തുടരും)
















