ന്യൂദല്‍ഹി: ആറു മാസത്തിനുള്ളില്‍ 50,000 കിലോമീറ്റര്‍ ദേശീയ പാത കൂടി റോഡ് ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്‍േറതാണ് തീരുമാനം.
ഇതു പൂര്‍ത്തിയാകുന്നതോടെ വാജ്‌പേയി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ നിര്‍മ്മിച്ചതിന്റെ രണ്ടിരട്ടിയും കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുപിഎ സര്‍ക്കാര്‍ നിര്‍മ്മിച്ചതിന്റെ മൂന്നിരട്ടിയും ദേശീയ പാതയാകും രണ്ടു വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പണിയുന്നത്.
കഴിഞ്ഞ 15 മാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ 7000 കിലോമീറ്റര്‍ ദേശീയ പാതയാണ് നിര്‍മ്മിച്ചത്. ഈ വര്‍ഷത്തോടെ ഒന്നരലക്ഷം കിലോമീറ്റര്‍ പാതയാകും അധികമായി ചേര്‍ത്തത്.
98മുതല്‍ 2004വരെ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 23814 കിലോമീറ്റര്‍ റോഡാണ് തീര്‍ത്തത്. യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷം പണിതത് വെറും 18000 കിലോമീറ്റര്‍ ദേശീയ പാതയും.
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15,000 കിലോമീറ്ററും സംസ്ഥാന പാതകള്‍ വികസിപ്പിച്ച് 20,000 കിലോമീറ്ററുമാകും നിര്‍മ്മിക്കുക.
ഇപ്പോള്‍ നിത്യേന മുപ്പതു കിലോമീറ്റര്‍ റോഡു വീതമാണ് ദേശീയ പാതാ ശൃംഖലയില്‍ ചേര്‍ക്കുന്നത്.
















