ന്യൂദല്‍ഹി: ഡെങ്കിപ്പനി ബാധിച്ച് ഏക മകന്‍ മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. സംഭവത്തെ തുടര്‍ന്ന് രണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ നോട്ടീസയച്ചു. ഒഡീഷ സ്വദേശിയായ ലക്ഷ്മിചന്ദ്രയും ബബിത റൗട്ടുമാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇരുവരുടെയും കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു.
മാതാപിതാക്കളുടെ ആത്മഹത്യകുറിപ്പ് പോലീസ് കണ്‌ടെത്തിയിട്ടുണ്ട്. തങ്ങളുടെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും സ്വന്തം തീരുമാനമാണെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എട്ടാം തീയതിയാണ് ഇവരുടെ ഏഴ് വയസുകാരനായ മകന്‍ അവിനാശ് മരണമടഞ്ഞത്. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാനോ ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ല എന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. ആകെ 1300ല്‍ അധികം ഡെങ്കി കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് പേര്‍ മരിച്ചു. പരമാവധി രോഗികളെ പ്രവേശിപ്പിച്ചതായി ഭൂരിഭാഗം ആശുപത്രികളും അറിയിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് ഈ വര്‍ഷം മാത്രം 1,300 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ നാലു പേര്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
















