ചണ്ഡിഗഡ്: ജൈന ഉത്സവമായ പരിയൂഷാനോടനുബന്ധിച്ച് ഹരിയാനയിലും മാംസ വില്പനയ്‌ക്ക് നിരോധമേര്‍പ്പെടുത്തി. സെപ്റ്റംബര്‍ 11 മുതല്‍ 19വരെ അറവുശാലകള്‍ അടച്ചിടാനാണ് ഹരിയാനയിലെ തദ്ദേശവകുപ്പ് വ്യാപാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മാംസത്തിന് നിരോധമേര്‍പ്പെടുത്തുന്ന ആറാമത്തെ സംസ്ഥാനമായി മാറി ഹരിയാന.
മഹാരാഷ്‌ട്ര, ജമ്മു-കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകളില്‍ നേരത്തേ നിരോധം നിലവില്‍ വന്നിട്ടുണ്ട്. ഛത്തിസ്ഗഢില്‍ അറവിനും അറവുശാലകള്‍ക്കും സെപ്റ്റംബര്‍ 17 വരെ നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
രാജസ്ഥാനില്‍ ജൈന പുണ്യദിനങ്ങളായ സപ്തംബര്‍ 17, 18, 27 തീയതികളില്‍ മാംസവില്പനയും മത്സ്യവില്പനയും അറവും നിരോധിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ സെപ്റ്റംബര്‍ 10 മുതല്‍ 17 വരെ ആടുമാടുകളെ അറക്കുന്നതും വില്‍ക്കുന്നതും പോലീസ് നിരോധിച്ചു.
















