ഗുല്‍ബര്‍ഗ: കര്‍ണാടകയില്‍ തുരന്തോ എക്സ്‌പ്രസ് പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് അപകടമുണ്ടായത്. സെക്കന്ദരാബാദില്‍ നിന്നും മുംബൈയിലേയ്‌ക്ക് പോവുകയായിരുന്ന ട്രെയിന്‍ കാലബുരാഗി (ഗുല്‍ബര്‍ഗ)യില്‍ വച്ച് പാളം തെറ്റുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.
ഒന്‍പത് ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ആന്ധ്ര-മുംബൈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് വച്ചാണ് അപകടം നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആരംഭിയ്‌ക്കാനായി. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
ആന്ധ്രയില്‍ നിന്നും മുംബൈയിലേയ്‌ക്ക് പോകുന്ന പ്രധാന പാതകളില്‍ ഒന്നാണിത്. ഗതാഗതം പുനസ്ഥാപിയ്‌ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്.
















