ലാസ്‌വെഗാസ്: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ഇന്ന് അവസാന പോരാട്ടത്തിന്. നാട്ടുകാരനായ ആന്ദ്രെ ബെര്‍ട്ടോയാണ് തന്റെ 49-ാം അങ്കത്തില്‍ മെയ്‌വെതറിന്റെ എതിരാളി. ലാസ്‌വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ മെയ്‌വെതര്‍ബെര്‍ട്ടോ മുഷ്ടിയുദ്ധം.
ഫിലിപ്പൈന്‍സിന്റെ മാനി പക്വിയാവോയെ കീഴടക്കി ലോക വെല്‍ട്ടര്‍വെയ്റ്റ് പട്ടം ചൂടിയശേഷമുള്ള മെയ്‌വതറിന്റെ ആദ്യ അങ്കം കൂടിയാണിന്ന്. ഈ മത്സരത്തോടെ മെയ്‌വെതര്‍ റിങിനോട് വിടപറയും. കഴിഞ്ഞ 48 മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറിയ മെയ്‌വെതര്‍ ഇന്ന് ബെര്‍ട്ടോയെയും ഇടിച്ചിട്ട് റിങിനോട് വിടപറയുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും ബെര്‍ട്ടോയെ വീഴ്‌ത്തിയാല്‍ 50 വിജയങ്ങളെന്ന അപൂര്‍വ നേട്ടം ലക്ഷ്യമിട്ട് മെയ്‌വെതര്‍ വീണ്ടും റിങിലേക്കുത്തുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെ.
പുതിയ എതിരാളി ബെര്‍ട്ടോ, കഴിഞ്ഞ ആറു മത്സരങ്ങളില്‍ മൂന്നിലും തോറ്റയാളാണ്. കരിയറില്‍ മുപ്പത് ജയങ്ങളും മൂന്ന് തോല്‍വികളും ബെര്‍ട്ടോയുടെ അക്കൗണ്ടിലുള്ളത്. 23 തവണ ബെര്‍ട്ടോ പ്രതിയോഗികളെ നോക്കൗട്ട് ചെയ്തു.
അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇത്തവണ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കട്ടെ പക്വിയാവോയുമായുള്ള പോരാട്ടത്തില്‍ മെയ്‌വെതറിനു ലഭിച്ചത് ഏകദേശം 20 കോടി ഡോളറാണ്. എന്നാല്‍ ഇത്തവണ അതിന്റെ നാലിലൊന്നുപോലുമില്ല. 3.2 കോടിയാണ് ഇത്തവണ ലഭിക്കുക. പക്വിയാവോയുമായുള്ള മത്സരത്തിലെ മെയ്‌വെതറിന്റെ പ്രതിരോധക്കളിയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഇത്തവണ മല്‍സരത്തിനു താല്‍പ്പര്യം കുറച്ചത്.
മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം റിങിലേക്ക് മടങ്ങിവന്നതാരമാണ് മെയ്‌വെതര്‍. ബെര്‍ട്ടോക്കെതിരെയും വിജയിച്ചാല്‍ കരിയറില്‍ തോല്‍വിയറിയാതെ 49 മല്‍സരങ്ങള്‍ എന്ന ഇതിഹാസതാരം റോക്കി മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തും മെയ്‌വെതര്‍. എന്നാല്‍ ദുര്‍ബലരായ എതിരാളികളെ തിരഞ്ഞെടുത്താണു മെയ്‌വെതര്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതെന്നു വിമര്‍ശകര്‍ പറയുന്നു.
















