മുംബൈ: 2006ല്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര സംഘടിപ്പിച്ച് 188 പേരെ കൊന്ന ഭീകരാക്രമണക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ എണ്ണവും 188. 2007ലാണ് വിചാരണ തുടങ്ങിയത്. രണ്ടു വര്‍ഷം വിചാരണ നിലച്ചു. മൊത്തം എട്ടു വര്‍ഷം. പ്രതികളുടെ അവസാന മൊഴികള്‍ രേഖപ്പെടുത്തിയത് 2012ലാണ്. സാക്ഷി മൊഴികള്‍ 5500 പേജുകളിലാണ്.
ഏഴിടങ്ങളിലായി ഏഴു ട്രെയിനുകളില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പ്രഷര്‍കുക്കറുകള്‍. സജീദ് അന്‍സാരിയാണ് ബോംബുകള്‍ക്കു വേണ്ട ടൈമറുകള്‍ സംഘടിപ്പിച്ചത്. സംഭവത്തിന് ഒരു ദിവസം മുന്‍പ് ഇയാള്‍ മറ്റൊരു പ്രതിയുടെ ഗോവണ്ടിയിലുള്ള വസതിയില്‍ ചെന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
2006 മാര്‍ച്ചിലാണ് സ്‌ഫോടനപരമ്പരയ്‌ക്കുള്ള ഗൂഡാലോചന നടന്നത്. ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരന്‍ അസം ചീമയാണ് ആസൂത്രണത്തിന് ചുക്കാന്‍ പിടിച്ചത്. ഇയാളുടെ ഭവല്‍പ്പൂരിലെ കൊട്ടാരത്തിലായിരുന്നു ആസൂത്രണം നടന്നത്. ലഷ്‌ക്കര്‍, സിമി നേതാക്കളും പങ്കെടുത്തു.
ആ മെയിലാണ് അന്‍പതോളം പേരെ ലഷ്‌ക്കര്‍ ക്യാമ്പുകളില്‍ അയച്ച് ബോംബ് സ്‌ഫോടനത്തില്‍ പരിശീലനം നല്‍കിയത്.
നേപ്പാള്‍, ബംഗഌദേശ്, ഗുജറാത്തിലെ കച്ച് എന്നിവടങ്ങള്‍ വഴിയാണ് ഭീകരര്‍ ഭാരതത്തില്‍ കടന്നത്. തുടര്‍ന്ന് ഭീകരര്‍ മുംബൈയില്‍ പലയിടങ്ങളിലും ഒളിവില്‍ കഴിഞ്ഞു. പിന്നീടാണ് പാക്കിസ്ഥാനില്‍ നിന്ന് കണ്ട്‌ല വഴിആര്‍ഡിഎക്‌സ് കൊണ്ടുവന്നത്. അമോണിയം നൈട്രേറ്റ് മുംബയില്‍ നിന്ന് സംഘടിപ്പിച്ചു. മുംൈബയിലെ രണ്ടു കടകളില്‍ നിന്ന് എട്ട് പ്രഷര്‍കുക്കറുകള്‍ വാങ്ങി. രണ്ടു മുതല്‍ രണ്ടരക്കിലോ വരെ ആര്‍ഡിഎക്‌സും മൂന്നര മുതല്‍ നാലു കിലോ വരെ അമോണിയം നൈട്രേറ്റും ഉപയോഗിച്ചാണ് ബോംബുകള്‍ ഉണ്ടാക്കിയത്.
ജൂലൈ 11ന് ഭീകരര്‍ ഏഴു ഗ്രൂപ്പുകളായി പിരിഞ്ഞു. ഒരോ സംഘവും കറുത്ത റെക്‌സിന്‍ ബാഗില്‍ ഓരോ പ്രഷര്‍ കുക്കര്‍ എടുത്തു. ബാഗ് പത്രപേപ്പറില്‍ പൊതിഞ്ഞു. എല്ലാവരും ചര്‍ച്ച് ഗേറ്റില്‍ ഇറങ്ങി.
തെളിവുകള്‍ എല്ലാം ട്രെയിനുകളില്‍ കത്തിയമര്‍ന്നിരുന്നതിനാല്‍ പോലീസിന് നന്നെ ക്‌ളേശിക്കേണ്ടിവന്നു. അമോണിയം നൈട്രേറ്റ് വാങ്ങിയവരെപ്പറ്റി ലഭിച്ച വിവരമാണ് തുമ്പായത്.
ഏഴ് സംഘമാണ് കേസ് അന്വേഷിച്ചത്. കമല്‍ അന്‍സാരിയുടെ ബന്ധു മുംതാസ് ചൗധരിയില്‍ നിന്നാണ് ആദ്യ സൂചന ലഭിച്ചത്. ആര്‍ഡിഎക്‌സ് ഫൈസല്‍ ഷെയ്ഖിന്റെ വസതിയില്‍ സൂക്ഷിച്ച കാര്യവും കണ്ടെത്തി. സ്‌ഫോടനം നടത്തിയവരില്‍ ചിലര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടു. ചിലര്‍ പാക്കിസ്ഥാനിലേക്ക് കടന്നു. പതിമൂന്നു പേരാണ് പിടിയിലായത്.ഏഴ് ആഡിഎക്‌സ് ബോംബുകളാണ് ഉപയോഗിച്ചത്.
















