ന്യൂദല്‍ഹി: ദല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റേത്. കാനഡയില്‍ കഴിയുന്ന പാക് വംശജനായ മാധ്യമപ്രവര്‍ത്തകന്‍ താരിഖ് ഫതേഖ് ആണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഓര്‍ഗനൈസര്‍ വാരികയിലെഴുതിയ ലേഖനത്തിലായിരുന്നു വിഷയം താരിഖ് ഫതേഖ് ഉന്നയിച്ചത്.
2013ല്‍ ഭാരതത്തിലെത്തിയ താരിഖ് ഫതേഖ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പേരിലുള്ള റോഡ് കണ്ട് ഞെട്ടിത്തരിച്ചുപോയതായി ലേഖനത്തില്‍ പറയുന്നു. തുടര്‍ന്ന് ഭാരതത്തിലെ മുസ്ലിം സഹോദരന്മാരോട് ഔറംഗസേബിന്റെ പേര് റോഡില്‍ നിന്നും മാറ്റണമെന്നും അഭ്യര്‍ത്ഥിച്ചു. ഔറംഗസേബിന്റെ സഹോദരനായ ദാരാ ഷികോയുടെ പേര് റോഡിനിടണമെന്നായിരുന്നു പാക് മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദ്ദേശം. എന്നാല്‍ മുന്‍രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മരണശേഷം താരിഖ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത് ഔറംഗസേബ് റോഡിന്റെ പേര് മാറ്റി അബ്ദുള്‍കലാം റോഡ് എന്നാക്കണമെന്നായിരുന്നു.
ഇതേ തുടര്‍ന്ന് ബിജെപി എംപി മഹേഷ് ഗിരിയാണ് ഔറംഗസേബ് റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തിയത്. മഹേഷ് ഗിരിക്കൊപ്പം ആംആദ്മി പാര്‍ട്ടിയും നിര്‍ദ്ദേശത്തെ അനുകൂലിച്ചു. ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് ഹിന്ദുവിരുദ്ധ ഭരണത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഔറംഗസേബിന്റെ പേരില്‍ റോഡ് രാജ്യതലസ്ഥാനത്ത് നിലനില്‍ക്കുന്നത് നിരവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
















