741. ദുര്‍ഗസംസാരതാരിണീ – ദുര്‍ഗമമായ സംസാരസാഗരത്തെ തരണം ചെയ്യിക്കുന്നവള്‍. മനുഷ്യരുടെ ലൗകിക ജീവിതം പലതരത്തിലുള്ള കഷ്ടതകളും ആപത്തുകളും നിറഞ്ഞതാണ്. ജനനമരണങ്ങളുടെ ആവര്‍ത്തനമായ ജീവിതത്തെ സമുദ്രത്തോടു താരതമ്യപ്പെടുത്താറുണ്ട്. സമുദ്രത്തില്‍ കൂറ്റന്‍ തിരമാലകളും ശക്തമായ അടിയൊഴുക്കും ഭീകരങ്ങളായ ജലജീവികളും അനന്തമായ ജലപ്പരപ്പുമുണ്ട്.
നല്ല കപ്പലും സമര്‍ത്ഥരായ നാവികരും അവരെ നിയന്ത്രിക്കാന്‍ കഴിവുള്ള കപ്പിത്താനുമുണ്ടെങ്കില്‍ സമുദ്രതരണം അനായാസമാണ്. മനുഷ്യജീവിതവും സമുദ്രംപോലെ അനന്തവും ദുര്‍ഗമവുമായ അനുഭവങ്ങളുടെ പരപ്പാണ്. അതു തരണം ചെയ്യാന്‍ ദേവീകാരുണ്യം കപ്പലായും കപ്പിത്താനായും നാവികരായും രൂപം സ്വീകരിക്കും. ദേവീ പാദസ്മരണകൊണ്ട് സംസാരസാഗരതരണം സാധിക്കാം.
















