ഭോപാല്‍: ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ അത് മനസിലാക്കി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്തി ബിജെപി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം 12 വരെ സംഘടിപ്പിയ്‌ക്കുന്ന ലോക ഹിന്ദി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി ഭോപ്പാലിലെത്തിയത്.
സഭാസ്തംഭനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയാറാവുന്നില്ല. കള്ളപ്പണത്തിനെതിരായ എന്‍ഡിഎയുടെ ശക്തമായ നിയമങ്ങളില്‍ പരിഭ്രാന്തരായാണ് കോണ്‍ഗ്രസ് ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിയ്‌ക്കുന്നത്. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഭയപ്പെടുന്നവരാണ് കൊണ്‍ഗ്രസ്. അടുത്തുകൊണ്ടിരിക്കുന്ന അപകടത്തില്‍ അവര്‍ ഭയപ്പെടുന്നുണ്ട്. ഒരിക്കല്‍ 400 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 40 സീറ്റിലെത്തിയിരിക്കുകയാണ്. ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നാണ് ഇതിനര്‍ഥം. രാജ്യത്തെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ചര്‍ച്ചയ്‌ക്ക് തയാറാവുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം തിരസ്‌കരിച്ചവര്‍ കൂടെ പ്രവര്‍ത്തിക്കുമെന്ന് കരുതിയത് തെറ്റിപ്പോയെന്നും മോദി പറഞ്ഞു.
ഞങ്ങളൊരിക്കലും മറ്റുള്ളവരെ വിമര്‍ശിച്ചിട്ടില്ല. സ്വന്തം തെറ്റുകള്‍ തിരുത്താനാണ് നോക്കാറുള്ളത്. അതിനാലാണ് ജനങ്ങള്‍ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റിയത്. തൊഴിലാളികളുടെ പാര്‍ട്ടിയാണ് ബിജെപി. ജനങ്ങളുടെ കണ്ണിനു മുന്നില്‍ സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കുന്നവരെ അവര്‍ കൈവിടില്ല. കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയൊരു വിജയം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും മോദി അഭിപ്രായപ്പെട്ടു.
ഭാരതത്തിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. അതിനിടയില്‍ എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും അവയ്‌ക്ക് പരിഹാരം കണ്ടെത്തും. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് മുദ്ര ബാങ്കുകള്‍ തുറന്നത്. ഇതിലൂടെ അവര്‍ക്ക് 10,000 മുതല്‍ 50,000 വരെ വായ്‌പ ലഭിക്കുന്നു. ശൂന്യമായ അക്കൗണ്ടുകള്‍ തുറന്നതിലൂടെ എന്തു നേട്ടമാണുള്ളതെന്ന് നിങ്ങളെന്നോട് ചോദിച്ചു. ഞാനിപ്പോള്‍ പറയുകയാണ് അതുവഴി ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി നേരിട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് – മോദി വ്യക്തമാക്കി.
















