ചവറ: മൂന്നാം ക്ലാസുകാരന് തെരുവ് നായുടെ കടിയേറ്റു. ചവറ പുതുക്കാട് രഞ്ചു ഭവനത്തില്‍ അനിത-സുരേഷ്‌കുമാര്‍ ദമ്പതികളുടെ മകന്‍ എട്ടുവയസുള്ള രഞ്ചുമോനാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ കൊറ്റന്‍കുളങ്ങര സ്‌കൂളിലേക്ക് അമ്മയുമായി വരുന്നതിനിടയില്‍ സ്‌കൂള്‍ സമീപത്ത് വച്ച് പിന്നാലെ വന്ന തെരുവ് നായ് രഞ്ചുമോന്റെ പുറത്ത്കടിക്കുക ആയിരുന്നു. രഞ്ചുമോന്റെ നിലവിളി കേട്ട് തിരിഞ്ഞ് നോക്കിയ അനിത കുട്ടിയെ നായ അക്രമിക്കുന്നതാണ് കണ്ടത്. അനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ നായയില്‍ നിന്ന് രക്ഷപെടുത്തിയത്. ഉടനെ തന്നെ രഞ്ചുമോനെ നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.
ചവറയുടെ പല പ്രദേശങ്ങളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ദേശീയ പാതയോട് ചേര്‍ന്ന് കാട് മൂടിക്കിടക്കുന്ന സ്ഥലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തെരുവ് നായ്‌ക്കള്‍ താവളമാക്കിയിരിക്കുന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പലപ്പോഴും നായ്‌ക്കളെ പേടിച്ച് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ വിടാന്‍പോലും മടിക്കുന്ന അവസ്ഥയാണ്.
















