മുംബൈ ; മുംബൈ പോലിസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് താന്‍ രാജി വയ്‌ക്കുമെന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാകേഷ് മരിയ. രാജി വയ്‌ക്കാന്‍ ഉദ്യേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഷീന ബോറ വധക്കേസില്‍ താല്പര്യമുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും രാകേഷ് മാരിയ വ്യക്തമാക്കി.
ബോറ കൊലപാതക കേസിന്റെ അന്വേഷണത്തിനിടയ്‌ക്കാണ് മഹാരാഷ്‌ട്ര ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായി രാകേഷിനു സ്ഥാനക്കയറ്റം നല്‍കിയത്. ഇത് അന്വേഷണം അട്ടിമറിക്കാനാണ് എന്ന ആരോപണം ശക്തമായി. എന്നാല്‍ ഒരു മണിക്കൂറിനകം കേസിനെ മാരിയ തന്നെ നയിക്കുമെന്ന് അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കി. അതേസമയം, രാകേഷിന് പകരം അഹമ്മദ് ജാവേദ് മുംബൈ പൊലീസ് കമ്മിഷണറായി ചുമതലയേറ്റു.
ഷീനബോറ കൊലപാത കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് പുതിയ മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തിന്റെ തലവനായി രാകേഷ് മരിയ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. അന്‍പത്തിയെട്ടുകാരനായ മരിയ നേരിട്ടാണ് ഷീന ബോറ കേസില്‍ അന്വേഷണം നടത്തിയിരുന്നത്.
ഷീനയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തത് വരികയായിരുന്നു . കൂടാതെ, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ഇവര്‍ക്കൊപ്പം നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജി തുടങ്ങിയവരെ ചോദ്യം ചെയ്തതും മരിയയുടെ മേല്‍നോട്ടത്തിലാണ്.
















