ബെംഗളൂരു: മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ അവരുടെ നാലും ആറും എട്ടും വയസുള്ള മൂന്നു മക്കളെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരുവിന് സമീപത്തെ കെ.ജി ഹള്ളിയിലാണ് സംഭവം.
സ്‌കൂളില്‍ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുല്‍ത്താന്‍ (4), അഫ്‌റീന്‍ (6), അഫ്‌നാന്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫഹീം ബെയ്ഗ് എന്ന ഇലക്ട്രീഷ്യനാണ് നഗീന ബീഗം എന്ന സ്ത്രീയെ വിവാഹം കഴിക്കാനായി കുട്ടികളെ കൊലപ്പെടുത്തിയത്. സ്‌കൂളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവരെ അഴുക്ക് ചാലില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ആഗസ്ത് 27 മുതല്‍ കുട്ടികളെ കാണാതായിരുന്നു. ഇവര്‍ക്കായി പോലീസും നാട്ടുകാരും ഏറെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഞായറാഴ്ച താനും ബെയ്ഗുമായുള്ള ബന്ധത്തെപ്പറ്റി നഗീന വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബെയ്ഗ് കുട്ടികളെ കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് നാഗിനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. അന്നു മുതല്‍ ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഇയാള്‍. നാഗിനയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തെ ഇയാളുടെ വീട്ടുകാര്‍ എതിര്‍ത്തു.
മൂന്നു കുട്ടികളുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. ഇതിനു പരിഹാരം കണ്ടെത്തുന്നതിനാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
















