ന്യൂദല്‍ഹി: ആഗോള സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, അംബാനി സഹോദരന്‍മാരായ മുകേഷും അനിലും, ടാറ്റാ ഗ്രൂപ്പിന്റെ സൈറസ് മിസ്ത്രി, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ല, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ ആനന്ദ് മഹിന്ദ്ര, എസ്സാറിന്റെ ശശി റൂയ്യ, അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി തുടങ്ങി നാല്പതോളം പ്രമുഖ കമ്പനികളുടെ മേധാവികളും സാമ്പത്തിക വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സിഐഐയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) സുമിത് മസുംദര്‍, എഫ്‌ഐസിസിഐയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) ജ്യോത്സ്‌ന സൂരി, അസ്സോച്ചമിന്റെ റാണാ കപൂര്‍ എന്നിവരും പങ്കെടുക്കും.
ഇവര്‍ക്കൊപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും പങ്കെടുക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അരുന്തതി ഭട്ടാചാര്യ, ഐസിഐസിഐ ബാങ്കിന്റെ ചന്ദ കൊച്ചാര്‍ എന്നിവര്‍ക്കും യോഗത്തിലേക്കു ക്ഷണമുണ്ട്.
ചൈനീസ് വിപണിയിലെ പ്രതിസന്ധിയും യുവാന്റെ മൂല്യമിടിച്ചതും അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് അടിയന്തര യോഗം വിളിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പരിഷ്‌കരണത്തിലെ മെല്ലെപ്പോക്ക്, നിക്ഷേപ തടസ്സം, വായ്‌പാ വളര്‍ച്ചയിലെ ക്ഷീണം, വ്യവസായങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ തുടങ്ങിയ വിഷയങ്ങളും വ്യവസായികള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നാണ് സൂചന.
















