മുംബൈ: മുബൈയില്‍ നാല് ദിവസത്തേയ്‌ക്ക് ഇറച്ചിയ്‌ക്കും മീനിനും നിരോധനം. ജൈന മതക്കാരുടെ ഉത്സവത്തോട് അനുബന്ധിച്ചാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി. ഈ മാസം 10,13,17,18 തിയതികളിലാണ് നിരോധനം. മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 11 മുതല്‍ 18 വരെ ജൈന സമൂഹം ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നതെന്ന് ശിവസേന വ്യക്തമാക്കി.
താനെയിലെ മീര-ഭയാന്ദര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ജൈന ഉത്സവം നടക്കുന്ന എട്ട് ദിവസങ്ങളിലും ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ ഉത്സവ സമയത്ത് രണ്ടു ദിവസത്തേക്ക് ഇവിടെ ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
















